
കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിലെ തമിഴ്‌നാട് ഐബിയ്ക്ക് സമീപം വടിവാളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ വിജഷ് വിജയന്‍ (32), കടമനാട് സ്വദേശി അരവിന്ദ് രഘു (22) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് തേക്കടിയിലെ തമിഴ്‌നാട് ഐബിയ്ക്ക് സമീപം രണ്ട് വടിവാളുകള്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
തേക്കടിയില്‍ വെല്‍ഡിങ് പണികള്‍ക്കായി എത്തിയ ഇരുവരും ഇവിടെവച്ചാണ് വടിവാളുകള്‍ ഉണ്ടാക്കിയത്. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും വിജേഷ് രണ്ട് വടിവാളുകളുമെടുത്ത് പത്തനംതിട്ടയിലേക്ക് പോകാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍, ചെക്ക് പോസ്റ്റില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ വാളുകള്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് പോയി. വിജേഷിനെ പത്തനംതിട്ടയില്‍ നിന്നും അരവിന്ദിനെ കുമളിയില്‍ നിന്നും പിടികൂടുകയായിരുന്നു. എന്തിനാണ് വാളുകള്‍ നിര്‍മിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.