ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ മഞ്ഞുരുകുമോ? നിര്‍ണായക നീക്കവുമായി യുഎഇ

യുഎഇ മധ്യസ്ഥതയില്‍ മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച രഹസ്യ ചര്‍ച്ചകളില്‍ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ ഒരു നാഴികക്കല്ല് പിന്നിട്ടതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Update: 2021-03-22 15:56 GMT

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎഇ മധ്യസ്ഥതയില്‍ റോഡ് മാപ്പ് ആവിഷ്‌ക്കരിച്ചതായി റിപോര്‍ട്ട്. യുഎഇ മധ്യസ്ഥതയില്‍ മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച രഹസ്യ ചര്‍ച്ചകളില്‍ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ ഒരു നാഴികക്കല്ല് പിന്നിട്ടതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കീഴില്‍ ഇന്ത്യയുമായും പാകിസ്താനുമായും ചരിത്രപരമായ വാണിജ്യ, നയതന്ത്ര ബന്ധമുള്ള യുഎഇ ഇക്കാര്യത്തില്‍ ശക്തമായ അന്താരാഷ്ട്ര പങ്ക് വഹിച്ചതായും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ ആശ്ചര്യപ്പെടുത്തി 2003ലെ വെടിനിര്‍ത്തല്‍ ധാരണ മാനിക്കാനുള്ള ഇന്ത്യയുടേയും പാകിസ്താന്റേയും സൈനിക മേധാവികളുടെ അപൂര്‍വ സംയുക്ത പ്രതിജ്ഞാബദ്ധത കഴിഞ്ഞ മാസം പുറത്തുവന്നതിനു പിന്നാലെ യുഎഇയിലെ ഒരു ഉന്നത നയതന്ത്രജ്ഞന്‍ ഏകദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തിയതിന്റെ ചില സൂചനകള്‍ യുഎഇ പുറത്തുവിട്ട പ്രസ്താവനയില്‍ നല്‍കിയിരുന്നു. പൊതുതാല്‍പര്യമുള്ള പ്രാദേശിയ അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തായി റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പരസ്പരം പോരടിക്കുന്ന രണ്ടു ആണവ രാജ്യങ്ങള്‍ക്കിടയിലെ ശാശ്വത സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ഒരു വലിയ റോഡ്മാപ്പിന്റെ തുടക്കം മാത്രമാണ് വെടിനിര്‍ത്തലെന്നും ബ്ലൂംബെര്‍ഗ് വ്യക്തമാക്കുന്നു.

അടുത്ത ഘട്ടത്തില്‍ 2019ല്‍ പിന്‍വലിച്ച ന്യൂഡല്‍ഹിയിലെയും ഇസ്‌ലാമാബാദിലേയും പ്രതിനിധികളെ പുനസ്ഥാപിക്കും. അതിനു ശേഷം വ്യാപാരം പുനസ്ഥാപിക്കുന്നതു സംബന്ധിച്ചും തുടര്‍ന്ന് ഇരു രാജ്യങ്ങളേയും മൂന്നു യുദ്ധങ്ങളിലേക്ക് നയിച്ച കശ്മീരിനെക്കുറിച്ചുള്ള ശാശ്വത പ്രമേയവും ചര്‍ച്ചയാവും.

'ഭൂതകാലത്തെ കുഴിച്ച് മൂടി മുന്നോട്ട് പോകാന്‍'കഴിഞ്ഞയാഴ്ച പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. 'ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും' പരിഹരിക്കുന്നതിനായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊവിഡ് ബാധിതനായ ഇമ്രാന്‍ ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ ആശംസ നേര്‍ന്നതും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകുന്നതിന്റെ മറ്റൊരു സൂചനയാണ്.

Tags:    

Similar News