മുസ്‌ലിം ബ്രദര്‍ഹുഡിനെതിരായ നീക്കം: യുഎഇ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ അല്‍ അസ്ഹര്‍
ബ്രദര്‍ഹുഡിനെതിരേ പ്രസ്താവനയിറക്കാന്‍ അല്‍ തയേബിനെ ഉന്നതതല യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വ്യക്തിത്വങ്ങള്‍ ബന്ധപ്പെട്ടതായി അല്‍അസ്ഹറിന്റെ മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ അറബ് റിപോര്‍ട്ട് ചെയ്തു.
അബുദബി: മുസ്‌ലിം ബ്രദര്‍ഹുഡിനെതിരായ സൗദി-യുഎഇ നീക്കങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള എമിറാത്തി ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം അല്‍ അസ്ഹര്‍ ഗ്രാന്റ് ഇമാം അഹ്മദ് അല്‍ തയേബ് തള്ളിക്കളഞ്ഞതായി റിപോര്‍ട്ട്.
ബ്രദര്‍ഹുഡിനെതിരേ പ്രസ്താവനയിറക്കാന്‍ അല്‍ തയേബിനെ ഉന്നതതല യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വ്യക്തിത്വങ്ങള്‍ ബന്ധപ്പെട്ടതായി അല്‍അസ്ഹറിന്റെ മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ അറബ് റിപോര്‍ട്ട് ചെയ്തു.
എന്നാല്‍, അല്‍അസ്ഹറിനെ ഇത്തരം കാര്യങ്ങളില്‍ നിര്‍ബന്ധിക്കുന്നത് അതിന്റെ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് കക്ഷികളെ ബോധ്യപ്പെടുത്താന്‍ ഇമാം ശ്രമിച്ചതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സിന്റെ അധ്യക്ഷനായ അല്‍തയ്ബ് ഒരു രാഷ്ട്രീയ യുദ്ധത്തില്‍ ഇടപെട്ട് തന്റെ നിലപാടോ അല്‍അസ്ഹറിന്റെ പ്രശസ്തിയെ അപകടപ്പെടുത്താന്‍ വിസമ്മതിച്ചതായും പത്രം കൂട്ടിച്ചേര്‍ത്തു.
അല്‍തയേബ് ഇടപെടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മുസ്‌ലിം ബ്രദര്‍ഹുഡിനെ 'ഭീകര സംഘടന'യാക്കികൊണ്ടുള്ള സൗദി കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്‌സ് (സിഎസ്എസ്) ഫത്‌വയെ പിന്തുണയ്ക്കാന്‍ യുഎഇയുടെ ഫത്‌വ കൗണ്‍സില്‍ നിര്‍ബന്ധിതരായെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
'ഇസ്ലാമിന്റെ സമീപനത്തെ പ്രതിനിധീകരിക്കാത്ത ഒരു തീവ്രവാദ ഗ്രൂപ്പാണ്' മുസ് ലിം ബ്രദര്‍ഹുഡ് എന്ന് കഴിഞ്ഞ മാസം സൗദി സിഎസ്എസ് ഫത്‌വ ഇറക്കിയിരുന്നു.പിന്നീട്, യുഎഇയുടെ ഫത്‌വ കൗണ്‍സില്‍ സമാന നിലപാട് പ്രഖ്യാപിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡും അതില്‍ നിന്ന് ഉയര്‍ന്നുവന്ന തീവ്രവാദ, അക്രമ ഗ്രൂപ്പുകളും എല്ലായ്‌പ്പോഴും നിയമങ്ങള്‍ അനുസരിക്കാത്തതിനും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും പേരുകേട്ടവരാണെന്നായിരുന്നു അവരുടെ വാദം.
മുന്‍കാലങ്ങളില്‍ സംഘടനയുടെ പ്രമുഖ നേതാക്കള്‍ക്ക് ആതിഥേയത്വം വഹിച്ച യുഎഇയിലോ സൗദി അറേബ്യയിലോ നിലവില്‍ ബ്രദര്‍ഹുഡിന് പ്രഖ്യാപിത സാന്നിധ്യമില്ല.