ഇന്ത്യന്‍ ടിവി അവതാരകനെ 'ഭീകരനെ'ന്ന് വിശേഷിപ്പിച്ച് യുഎഇ രാജകുമാരി; അബുദബിയിലേക്ക് ക്ഷണിച്ചതിനെതിരേയും വിമര്‍ശനം
ഈ മാസം 25, 26 തീയതികളില്‍ അബുദബിയിലെ ഹോട്ടല്‍ ഫെയര്‍മാന്‍ ബാബ് അല്‍ ബഹറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്കാണ് മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിലൂടെ കുപ്രസിദ്ധനായ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്ക് ക്ഷണമുള്ളത്.
അബുദബി (യുഎഇ): അബുദബിയില്‍ നടക്കുന്ന സെമിനാറിലേക്ക് ഇന്ത്യയില്‍നിന്നുള്ള 'ഇസ്‌ലാമോഫോബ്' അവതാരകന്‍ സുധീര്‍ ചൗധരിയെ ക്ഷണിച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎഇ രാജകുമാരി ഹിന്ദ് അല്‍ ഖാസിമി. ഈ മാസം 25, 26 തീയതികളില്‍ അബുദബിയിലെ ഹോട്ടല്‍ ഫെയര്‍മാന്‍ ബാബ് അല്‍ ബഹറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്കാണ് മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിലൂടെ കുപ്രസിദ്ധനായ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്ക് ക്ഷണമുള്ളത്.
'ഒരു ഇസ്‌ലാമോഫോബിനെ എന്റെ സമാധാനപരമായ രാജ്യത്തേക്ക് ക്ഷണിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യംവന്നു? സുധീര്‍ ചൗധരിയെ സെമിനാറിലേക്ക് ക്ഷണിച്ചതിനെ വിമര്‍ശിച്ച് ഹിന്ദ് അല്‍ ഖാസിമി രാജകുമാരി ട്വീറ്റ് ചെയ്തു.
വിവാദ ടി വി അവതാരകന്‍ ഇസ്‌ലാമിനെയും അതിന്റെ അനുയായികളേയും അപകീര്‍ത്തിപ്പെടുത്തുന്നത് എങ്ങനെയെന്ന് സംഘാടകരെ രാജകുമാരി ഓര്‍മിപ്പിച്ചു. കൂടാതെ ചൗധരിയെ ഭീകരനെന്നും ഇസ്‌ലാമോ ഫോബെന്നും വിളിക്കുകയും ചെയ്തു.
പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് മുസ്‌ലിംകള്‍ക്കെതിരേ ചൗധരി വിഷം ചീറ്റിയതായി ഹിന്ദ് അല്‍ ഖാസിമി ചൂണ്ടിക്കാട്ടി. ഷഹീന്‍ ബാഗിലും ന്യൂഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് മുസ്‌ലിം വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് ഇയാള്‍ വ്യാജ കഥകള്‍ പ്രചരിപ്പിച്ചതായും രാജകുമാരി ചൂണ്ടിക്കാട്ടി.
'ഇന്ത്യയിലെ 20 കോടി മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ള ഇസ്‌ലാമോഫോബിക് ഷോകള്‍ക്ക് പേരുകേട്ട ഒരു ഹിന്ദു വലതുപക്ഷ അവതാരകനാണ് സുധീര്‍ ചൗധരി. അദ്ദേഹത്തിന്റെ പ്രൈം ടൈം ഷോകളില്‍ പലതും മുസ്‌ലിംകള്‍ക്കെതിരേ രാജ്യത്തുടനീളം നടന്ന അക്രമങ്ങള്‍ക്ക് നേരിട്ട് സംഭാവന നല്‍കിയിട്ടുണ്ട്'-മറ്റൊരു ട്വീറ്റില്‍ യുഎഇ രാജകുമാരി കുറ്റപ്പെടുത്തി.
മുസ്‌ലിം ന്യൂനപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുകയും മോദിക്കും അദ്ദേഹത്തിന്റെ ഭാരതീയ ജനതാ പാര്‍ട്ടിക്കും ഹിന്ദു ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നേടുന്നതിനുള്ള ഭീഷണിയായി മുസ് ലിംകളെ ചിത്രീകരിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ മോദി അനുകൂല അവതാരകരില്‍ ഒരാളാണ് ചൗധരി.