ഇസ്രായേല്‍ ക്ലബിനെ സ്വന്തമാക്കി യുഎഇ രാജകുടുംബാംഗം; പ്രതിഷേധമുയര്‍ത്തി ആരാധകര്‍
50 ശതമാനം ഓഹരി വാങ്ങിക്കൂട്ടിയാണ് ഇസ്രായേല്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീമായ ബീതാര്‍ ജറുസലേമിനെ യുഎഇ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ സ്വന്തമാക്കിയത്.
തെല്‍അവീവ്/ അബുദബി: ഫലസ്തീനികള്‍ക്കെതിരായ കടുത്ത വംശീയ നടപടികളിലൂടെ കുപ്രസിദ്ധമായ ഇസ്രായേല്‍ ഫുട്‌ബോള്‍ ക്ലബിനെ സ്വന്തമാക്കി യുഎഇ രാജകുടുംബാംഗം. 50 ശതമാനം ഓഹരി വാങ്ങിക്കൂട്ടിയാണ് ഇസ്രായേല്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീമായ ബീതാര്‍ ജറുസലേമിനെ യുഎഇ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ സ്വന്തമാക്കിയത്. വാങ്ങിയതിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയയിലും ഇസ്രായേല്‍ ക്ലബ് പങ്കുവച്ചിട്ടുണ്ട്.
'ബീതാര്‍ ജറുസലേമിന് ചരിത്രപരവും ആവേശകരവുമായ ദിനം. മോഷെ ഹോഗെഗും ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ നഹ്യാനും തമ്മില്‍ പങ്കാളിത്ത കരാര്‍ ഒപ്പിട്ടു'' എന്ന് ഇസ്രായേല്‍ ക്ലബ് ട്വീറ്റ് ചെയ്തു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 30 കോടി ഷെക്കേല്‍ (92.18 മില്യണ്‍ ഡോളര്‍) ക്ലബില്‍ നിക്ഷേപിക്കാനുള്ള പ്രതിജ്ഞാബദ്ധതയും വാങ്ങല്‍ കരാറില്‍ ഹമദ് ബിന്‍ ഖലീഫ അറിയിച്ചതായി അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.
'ഇത്രയും മഹത്തായ ഒരു ക്ലബ്ബില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹമദ് ബിന്‍ ഖലീഫയെ ഉദ്ധരിച്ച് ബീതാര്‍ പറഞ്ഞു. അതേസമയം, ഇസ്രായേലിലെ രാഷ്ട്രീയ വലതുപക്ഷത്തിന്റെ ഒരു കോട്ടയായാണ് ബീതാര്‍ ജറുസലേം അറിയപ്പെടുന്നത്. 'ലാ ഫാമിലിയ' എന്നറിയപ്പെടുന്ന ക്ലബിന്റെ ഒരു കൂട്ടം അനുയായികള്‍ ഇസ്രായേലിലെ അറബ് ന്യൂനപക്ഷങ്ങളോട് പരസ്യമായി അധിക്ഷേപം നടത്തുന്നതില്‍ കുപ്രസിദ്ധരാണ്.
ആരാധകര്‍ വംശീയ മുദ്രാവാക്യം മുഴക്കുകയും രാജ്യത്തെ അറബ് പൗരന്‍മാരെ ക്ലബിലെടുക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തതിന്റെ ഫലമായി നിരവധി തവണ ക്ലബ് ശിക്ഷാ നടപടികള്‍ക്ക് വിധേയമായിട്ടുണ്ട്. ക്ലബിന്റെ തീവ്ര ആരാധകര്‍ എതിരാളികളെ അധിക്ഷേപിക്കുന്നതും വംശീയവും അറബ് വിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും പതിവാണ്.
ഹമദ് ബിന്‍ ഖലീഫയെ പ്രശംസിച്ചും ജറുസലേമിലേക്ക് സ്വാഗതം ചെയ്തും ബീതാര്‍ ജറുസലേം സ്‌റ്റേഡിയത്തിന് പുറത്ത് ഒരു ബാനര്‍ സ്ഥാപിച്ചപ്പോള്‍ 'മുഹമ്മദ് മരിച്ചു', അറബികള്‍ക്ക് മരണം', 'ദുബയ് തുലയട്ടെ', 'നിങ്ങള്‍ക്ക് ഞങ്ങളെ വാങ്ങാന്‍ കഴിയില്ല' തുടങ്ങിയ കുറ്റകരവും വംശീയവുമായ പരാമര്‍ശങ്ങള്‍ ബീതാര്‍ ജറുസലേം സ്‌റ്റേഡിയത്തിന്റെ പുറം ഭിത്തിയില്‍ എഴുതിയാണ് ക്ലബിന്റെ തീവ്ര ഫാന്‍സുകാര്‍ ഇതിനോട് പ്രതികരിച്ചത്.