ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പ്രതികളുടെ വധശിക്ഷ റദ്ദാക്കി, പെണ്‍കുട്ടിയുടെ അച്ഛനെ കുറ്റവിമുക്തനാക്കി, അഞ്ചുപ്രതികള്‍ക്ക് 25 വര്‍ഷം തടവ്
ജസ്റ്റിസുമാരായ എം സത്യനാരായണന്‍, എം നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. 2016 മാര്‍ച്ച് 13നാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യയെ വിവാഹം കഴിച്ചതിന് ദലിത് യുവാവായ ശങ്കറി(22)നെ പെണ്‍വീട്ടുകാര്‍ കൊലപ്പെടുത്തിയത്.
ചെന്നൈ: പ്രമാദമായ തമിഴ്‌നാട് ഉദുമല്‍പേട്ട ദുരഭിമാനക്കൊലക്കേസില്‍ അഞ്ച് പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഇവരുടെ ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കിയ കോടതി 25 വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്. പ്രതികള്‍ക്ക് ശിക്ഷാ ഇളവുകള്‍ അടക്കം ഒന്നും നല്‍കരുതെന്നും കോടതി വിധിച്ചു. കേസില്‍ ഒന്നാം പ്രതിയായിരുന്ന കൗസല്യയുടെ അച്ഛന്‍ ബി ചിന്നസ്വാമിയെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.
ജസ്റ്റിസുമാരായ എം സത്യനാരായണന്‍, എം നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. 2016 മാര്‍ച്ച് 13നാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യയെ വിവാഹം കഴിച്ചതിന് ദലിത് യുവാവായ ശങ്കറി(22)നെ പെണ്‍വീട്ടുകാര്‍ കൊലപ്പെടുത്തിയത്.
പഴനി സ്വദേശിയായ കൗസല്യയും ശങ്കറും എന്‍ജിനീയറിങ് കോളജില്‍ സഹപാഠികളായിരുന്നു. ദലിത് സമുദായാംഗം മകളെ വിവാഹം കഴിച്ചതില്‍ ക്ഷുഭിതനായ കൗസല്യയുടെ പിതാവ് ചിന്നസ്വാമിയും അമ്മാവന്‍ പാണ്ടിദുരൈയും ചേര്‍ന്ന്് ശങ്കറിനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചെന്നായിരുന്നു കേസ്. ബൈക്കിലെത്തിയ സംഘം ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൗസല്യക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
കേസില്‍ കൗസല്യയുടെ അമ്മയെയും മറ്റു രണ്ടുപേരെയും വെറുതെ വിട്ട വിചാരണകോടതി നടപടി ഹൈക്കോടതി ശരിവെച്ചു. 2017 ഡിസംബര്‍ 12 നാണ് തിരുപ്പൂര്‍ ജില്ലാ കോടതി കൗസല്യയുടെ പിതാവ് ചിന്നസ്വാമി അടക്കം ആറുപ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടുപ്രതികള്‍ക്ക് തടവുശിക്ഷ ലഭിച്ചപ്പോള്‍, കൗസല്യയുടെ അമ്മ അന്നലക്ഷ്മി അടക്കം മൂന്നുപേരെ കോടതി കുറ്റവിമുക്തയാക്കുകയായിരുന്നു.