കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് തന്നെ; ഭരണം നിലനിര്‍ത്തിയത് ഒറ്റ വോട്ടിന്

ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിന്‍സി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

Update: 2021-11-15 08:53 GMT

കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് നിലനിര്‍ത്തി. ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭാ അധ്യക്ഷയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിന്‍സി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന് 22 വോട്ടുകളും എല്‍ഡിഎഫിന് 21 വോട്ടുകളുമാണ് ലഭിച്ചത്. അനാരോഗ്യത്തെ തുടര്‍ന്ന് എല്‍ഡിഎഫിന്റെ ഒരംഗം വിട്ടുനിന്നു.

ഇന്ന് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. മൂന്ന് പേരില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. പിന്നീട് രണ്ടാമതും തിരഞ്ഞെടുപ്പ് നടത്തി. ഇതില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ കുറവ് വോട്ട് കിട്ടിയ ബിജെപി അംഗം രണ്ടാം ഘട്ടത്തില്‍ മത്സരിക്കാതെ മാറി നിന്നു. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് 22-21 എന്ന നിലയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫിന്റെ ഒരംഗം വിട്ടുനിന്നതും യുഡിഎഫിന് നേട്ടമായി.

സത്യത്തിന്റേയും നീതിയുടേയും വിജയമാണിതെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പ്രതികരിച്ചു. നല്ല രീതിയില്‍ മുന്നോട്ടു പോയ ഭരണം അട്ടിമറിക്കാന്‍ പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്ന്യേ നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക ഉറപ്പ് നല്‍കുന്നതായും അവര്‍ വ്യക്തമാക്കി.

Tags:    

Similar News