വിവാദ ശബരിമല വീഡിയോ പരസ്യം യുഡിഎഫ് പിന്‍വലിച്ചു

Update: 2021-03-17 02:57 GMT

തിരുവനന്തുപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന വിധത്തില്‍ പുറത്തുവിട്ട വീഡിയോ പരസ്യം പ്രതിഷേധത്തെ തുടര്‍ന്ന് യുഡിഎഫ് പിന്‍വലിച്ചു. സ്ത്രീവിരുദ്ധമെന്ന് നിരവധി പേര്‍ ആക്ഷേപമുയര്‍ത്തിയതിനു പിന്നാലെയാണ് നടപടി. ശബരിമല പ്രശ്‌നത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കാനും സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കാനും വേണ്ടിയാണ് യുഡിഎഫ് വീഡിയോ പരസ്യം തയ്യാറാക്കിയത്. ഇതില്‍ ലിപ്സ്റ്റിക്കും മറ്റും ധരിച്ചെത്തുന്ന യുവതിയെ ശബരിമലയില്‍ കയറാന്‍ പോലിസ് സഹായിക്കുന്നതാണുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് ഭീതിയോടെ നോക്കുന്ന സവര്‍ണ സ്ത്രീയെയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആക്റ്റിവിസ്റ്റുകള്‍ക്കു ശബരിമലയില്‍ കയറാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പ്രചരിപ്പിക്കാനാണു വീഡിയോ വഴി ഉദ്ദേശിച്ചത്.

    എന്നാല്‍, സ്ത്രീ വിരുദ്ധതയും ബിജെപിയെ വെല്ലുന്ന വിധത്തില്‍ മതാചാരങ്ങളെ ചൂഷണം ചെയ്യുന്നതുമാണ് വീഡിയോയെന്ന് നിരവധി പേര്‍ വിമര്‍ശിച്ചതോടെയാണ് അടിയന്തരമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വേണ്ടത്ര അവധാനതയോ അനുമതിയോ ഇല്ലാതെയാണ് പരസ്യം പുറത്തിറക്കിയതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പരസ്യം ഇതുവരെ നല്‍കിയിട്ടില്ലെന്നും നേതൃത്വം ന്യായീകരിക്കുന്നുണ്ട്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമ ഉള്ളടക്കം കൃത്യമായി പരിശോധിച്ച് അനുമതി നല്‍കിയശേഷം മാത്രമേ ഇനി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാമൂഹിക മാധ്യമ നയം രൂപീകരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

UDF's video on Sabarimala sparks row, gets withdrawn


Tags:    

Similar News