ബ്രിട്ടീഷ് എംപിയെ പള്ളിയില്‍വച്ച് കുത്തിക്കൊന്നു; കുത്തേറ്റത് നിരവധി തവണ, അക്രമി പിടിയില്‍

നിരവധി തവണ മാരകമായി കുത്തേറ്റ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. എംപി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പോലിസ് പറഞ്ഞു.

Update: 2021-10-15 15:54 GMT

ലണ്ടന്‍: ബ്രിട്ടീഷ് എംപിയെ പള്ളിയില്‍വച്ച് കുത്തിക്കൊന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഡേവിഡ് അമെസ്സ് (69) ആണ് കൊല്ലപ്പെട്ടത്. നിരവധി തവണ മാരകമായി കുത്തേറ്റ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. എംപി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പോലിസ് പറഞ്ഞു.ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് സംഭവം.

കിഴക്കന്‍ ലണ്ടനിലെ ലീ ഓണ്‍ സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റിസ്റ്റ് പള്ളിയില്‍ നടന്ന സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരുമായി നടന്ന കൂടിക്കാഴ്ചക്കിടെ എംപിയെ അജ്ഞാതന്‍ ആക്രമിക്കുകയായിരുന്നു. എംപിക്ക് നിരവധി തവണയാണ് കുത്തേറ്റത്. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. സായുധ പോലിസ് പള്ളിയില്‍ ഇരച്ചുകയറിയാണ് അക്രമിയെ പിടികൂടിയത്. സംഭവത്തിനു പിന്നില്‍ മറ്റാരുമില്ലെന്നും പോലിസ് പറഞ്ഞു.

ഡേവിഡ് അമെസ്സ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ്. ഡേവിഡ് അമെസ്സിന്റെ കൊലപാതകത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നടുക്കം രേഖപ്പെടുത്തി. ബേസില്‍ഡണില്‍ നിന്ന് 1983ലാണ് ഇദ്ദേഹം ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. 1997ലാണ് ആദ്യമായി സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.


Tags:    

Similar News