കൊച്ചി: എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് ഈ മാസം 18 ന് സര്‍വീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയും രാവിലെ 5.30 ന് കൊച്ചിയില്‍നിന്ന് വിമാനം പുറപ്പെടും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വീസാണ് പുനരാരംഭിക്കുന്നത്.
ബ്രിട്ടന്റെ യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍നിന്നും യാത്രാനുമതിയുള്ള ആംബര്‍ ലിസ്റ്റിലേക്ക് ഇന്ത്യ മാറിയതോടെ ക്വാറന്റീന്‍ നിയമത്തിലും ഒട്ടേറെ ഇളവുകള്‍ വന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണി മുതലാണ് ഇന്ത്യയെ ആംബര്‍ ലിസ്റ്റിലാക്കാനുള്ള തീരുമാനം പ്രാബല്യത്തിലാകുന്നത്. അതുവരെ ഹോട്ടല്‍ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നിലവിലെ റെഡ് ലിസ്റ്റ് നിയന്ത്രണങ്ങള്‍ തുടരും.
ആംബര്‍ ലിസ്റ്റിലാക്കാനുള്ള തീരുമാനം നടപ്പിലാകുന്ന ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഇന്ത്യയിലേക്കും തിരിച്ചും യാത്രാനുമതിയുണ്ടെങ്കിലും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കും. ഇന്ത്യ ഗ്രീന്‍ ലിസ്റ്റിലായാലേ യഥേഷ്ടം ഇരുഭാഗത്തേക്കും യാത്രചെയ്യാനുള്ള അനുമതിയാകൂ. എങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി നാട്ടില്‍പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആംബര്‍ ലിസ്റ്റിലേക്കുള്ള ഇപ്പോഴത്തെ മാറ്റം വലിയതോതില്‍ ഗുണപ്രദമാകും. റെഡ് ലിസ്റ്റിലാകുന്നതിനു മുമ്പേ നാട്ടില്‍പോയി കുടുങ്ങിപോയവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്ലാതെ തിരികെയെത്താനും പുതിയ തീരുമാനം സഹായിക്കും.
ഇന്ത്യ, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയാണ് കഴിഞ്ഞ ദിവസം റെഡ് ലിസ്റ്റില്‍നിന്നും ആംബര്‍ ലിസ്റ്റിലാക്കിയത്. ഓസ്ട്രിയ, ജര്‍മനി, സ്ലോവേനിയ, സ്ലോവാക്കിയ, ലാത്വിയ, റൊമേനിയ, നോര്‍വേ എന്നീ രാജ്യങ്ങളെ യാത്രാനിയന്ത്രണങ്ങളില്ലാത്ത ഗ്രീന്‍ ലിസ്റ്റിലുമാക്കി. ജോര്‍ജിയ, മെക്‌സിക്കോ, ലാ റീയൂണിയന്‍, മയോട്ട എന്നീ രാജ്യങ്ങളെ പുതുതായി റെഡ് ലിസ്റ്റിലും ഉള്‍പ്പെടുത്തി.
യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ ആംബര്‍ ലിസ്റ്റിലാക്കിയതോടെ എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വേസ്, ഗള്‍ഫ് എയര്‍ തുടങ്ങിയ വിമാനക്കമ്പനികള്‍ ബ്രിട്ടണില്‍നിന്നും കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള യാത്രക്ക് ഇത് കൂടുതല്‍ സഹായകമാകും. നിലവില്‍ ആഴ്ചയില്‍ 15 സര്‍വീസുകള്‍ മാത്രം നടത്തുന്ന എയര്‍ ഇന്ത്യയും പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കുടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.
ആംബര്‍ ലിസ്റ്റിലെ ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ രണ്ടുവിധത്തിലാണ്. ബ്രിട്ടന്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍നിന്നും രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും 18 വയസില്‍ താഴെയുള്ളവര്‍ക്കും ക്വാറന്റീന്‍ ആവശ്യമേയില്ല. ഇവര്‍ക്ക് എട്ടാം ദിവസത്തെ ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്തേണ്ടതില്ല.
മറ്റുരാജ്യങ്ങളില്‍നിന്നും വരുന്നവര്‍ യുകെ അപ്രൂവ്ഡ് വാക്‌സീന്‍ ട്രയിലന്റെ ഭാഗമായുള്ള വാക്‌സീനാണ് എടുത്തിട്ടുള്ളതെങ്കില്‍ അവരും ക്വാറന്റീന്‍ വേണ്ടാത്തവരുടെ പട്ടികയിലാകും. എന്നാല്‍ ഇവര്‍ യാത്രയ്ക്കു 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സീന്‍ എടുത്തിരിക്കണം. ഇവര്‍ക്ക് രണ്ടാം ദിവസത്തെ ടെസ്റ്റില്‍നിന്നും ഒഴിവുണ്ടാകില്ല.
വാക്‌സീന്‍ എടുക്കാത്തവര്‍ക്കും ഒരു ഡോസ് വാക്‌സീന്‍ മാത്രമെടുത്തവര്‍ക്കും ക്വാറന്റീന്‍ നിയമം വ്യത്യസ്തമാണ്. ഇവര്‍ പത്തുദിവസത്തെ ഹോം ക്വാറന്റീന് വിധേയരാകണം. മാത്രമല്ല, യാത്രയ്ക്ക് മൂന്നു ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ബ്രിട്ടനിലെത്തിയാല്‍ രണ്ടാം ദിവസവും എട്ടാം ദിവസവും ചെയ്യേണ്ട കോവിഡ് ടെസ്റ്റ് മുന്‍കൂറായി പണമടച്ച് ബുക്കുചെയ്യണം. ഒപ്പം gov.uk എന്ന വെബ്‌സൈറ്റിലെ പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോമും പൂരിപ്പിക്കണം.
ബ്രിട്ടനില്‍നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇപ്പോഴും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്‌സിനേഷന്‍ രേഖകളും കരുതണം. കേന്ദ്രസര്‍ക്കാരിന്റെ എയര്‍ സുവിധ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കണം. ഇവയ്‌ക്കെല്ലാം പുറമേ ഓരോ സംസ്ഥാനത്തെയും ക്വാറന്റൈന്‍ നിയമങ്ങളും വിമാനത്താവളങ്ങളിലെ സെല്‍ഫ് റിപ്പോര്‍ട്ടിംങ് നിയമങ്ങളും പാലിക്കുകയും വേണം.