യുദ്ധം, കൊവിഡ്: മുടങ്ങിയ മെഡിക്കല്‍ ഇന്റേണ്‍ഷിപ് ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി
foreign-medical-internship-can-be-completed-in-indiaതിരുവനന്തപുരം: യുദ്ധത്തിന്റെയും കോവിഡിന്റെയും സാഹചര്യത്തില്‍ വിദേശത്ത് മെഡിക്കല്‍ ഇന്റേണ്‍ഷിപ് മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമീഷന്റെ ഉത്തരവ്. ഈ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ) നടത്തുന്ന ഫോറില്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) വിജയിച്ചിരിക്കണം. ഈ വ്യവസ്ഥയോടെ ഇന്റേണ്‍ഷിപ് പൂര്‍ത്തീകരിക്കാനുള്ള വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ ബന്ധപ്പെട്ട സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് തുടര്‍നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ക്കായി കമീഷന്‍ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുകയും എന്നാല്‍ നിര്‍ബന്ധിത ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പരിഗണിച്ചാണ് കമീഷന്റെ നടപടി.
യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെതുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. നേരേത്ത കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിക്കാത്തതുകാരണം അവിടെ പഠിക്കുന്ന ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യങ്ങള്‍ വിദ്യാര്‍ഥികളുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതല്ലെന്ന് കണ്ടാണ് മെഡിക്കല്‍ കമീഷന്‍ തീരുമാനമെടുത്തത്.
ഇന്റേണ്‍ഷിപ് സൗകര്യം ഒരുക്കുന്നവരുടെ എണ്ണം ബന്ധപ്പെട്ട മെഡിക്കല്‍ കോളജിലെ സീറ്റിന്റെ ഏഴര ശതമാനത്തില്‍ കവിയരുത്. വിദേശ മെഡിക്കല്‍ ബിരുദധാരികളെ ഇന്റേണ്‍ഷിപ്പിന് പ്രവേശിപ്പിക്കുന്നതിന് പ്രത്യേക തുക ഈടാക്കില്ലെന്ന് മെഡിക്കല്‍ കോളജുകളില്‍ നിന്ന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ രേഖാമൂലമുള്ള ഉറപ്പുവാങ്ങണം. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ് കാലയളവില്‍ നല്‍കുന്നതിന് തുല്യമായ സ്‌റ്റൈപന്റും മറ്റ് സൗകര്യങ്ങളും വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടി അനുവദിക്കണം. മെഡിക്കല്‍ കമീഷന്‍ അനുവദിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രികളിലോ കോളജുകളോട് ചേര്‍ന്ന ആശുപത്രികളിലോ മാത്രമേ ഇന്റേണ്‍ഷിപ് അനുവദിക്കുകയുള്ളൂ. വിദ്യാര്‍ഥി പഠിക്കുന്ന രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാവുന്നതും പ്രാക്ടീസ് ചെയ്യാവുന്നതുമായ മെഡിക്കല്‍ ബിരുദം മാത്രമേ അംഗീകരിക്കുകയുള്ളൂ. ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥി ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ പാസായിരിക്കണം.