റഷ്യന്‍ അധിനിവേശം: ജനങ്ങളോട് ആയുധമെടുക്കാന്‍ യുക്രെയ്ന്‍; കീവില്‍ സൈന്യം ആയുധ വിതരണം തുടങ്ങി
കീവ്: യുെ്രെകന്‍ തലസ്ഥാനമായ കീവില്‍ സൈന്യം പൊതുജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്റെയും പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുടെയും ആഹ്വാനം. നേരത്തേ എങ്ങനെ ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന കാര്യത്തില്‍ യുക്രെയ്ന്‍ പൗരന്‍മാര്‍ക്ക് സൈന്യം പരിശീലനം നല്‍കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
ജനങ്ങളോട് തന്നെ സ്വന്തം നഗരങ്ങളും വീടുകളും സംരക്ഷിക്കൂ എന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്യുന്നത്. യുക്രെയ്ന്‍ പൗരന്‍മാരില്‍ ആര് ആയുധങ്ങള്‍ ചോദിച്ചാലും നല്‍കുമെന്ന് ഇന്നലെ വ്‌ലാദിമിര്‍ സെലെന്‍സ്‌കി പ്രഖ്യാപിച്ചിരുന്നു. നാസി ജര്‍മനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രെയ്‌നിയന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി ആഞ്ഞടിച്ചു.
ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നില്‍ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരന്‍മാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളില്‍ തുടരണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു. പുടിന്റെ യുദ്ധക്കൊതി അവസാനിപ്പിക്കാന്‍ റഷ്യക്കാര്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെടുന്നു.
''നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാന്‍ തയ്യാറാകുക. യുക്രെയ്ന്‍ സ്വന്തം സ്വാതന്ത്ര്യം ആര്‍ക്കുമുന്നിലും അടിയറ വയ്ക്കില്ല. റഷ്യന്‍ ഫെഡറേഷന്‍ നമ്മളെ ആക്രമിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജര്‍മ്മനി ആക്രമണങ്ങള്‍ അഴിച്ചുവിട്ടത് പോലെയാണ്'', സെലെന്‍സ്‌കി പറഞ്ഞു.