'നിങ്ങള്‍ എത്ര കാലം ഈ പെയ്ഡ് ജേണലിസം തുടരും'; മാധ്യമ പ്രവര്‍ത്തകനുമായി കൊമ്പ് കോര്‍ത്ത് ഉമര്‍ഖാലിദ് (വീഡിയോ)
2016ലെ ജെഎന്‍യു രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ഖാലിദിനെ കോടതിയില്‍ ഹാജരാക്കി മടങ്ങവെ പട്യാല ഹൗസ് കോടതി പരിസരത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ന്യൂഡല്‍ഹി: കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകന് സിഎഎ വിരുദ്ധ സമര നായകനും ജെഎന്‍യു മുന്‍ ഗവേഷക വിദ്യാര്‍ഥിയുമായ ഉമര്‍ ഖാലിദ് നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പണം വാങ്ങിയുള്ള ഈ മാധ്യമ പ്രവര്‍ത്തനം നിങ്ങള്‍ എത്ര കാലം തുടരുമെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ മുഖമടച്ചുള്ള മറുപടി.
2016ലെ ജെഎന്‍യു രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ഖാലിദിനെ കോടതിയില്‍ ഹാജരാക്കി മടങ്ങവെ പട്യാല ഹൗസ് കോടതി പരിസരത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പോലിസ് വലയത്തില്‍ നടന്നുനീങ്ങിയ ഉമര്‍ ഖാലിദിനോട് താങ്കള്‍ രാജ്യദ്രോഹക്കേസിലെ പ്രതിയാണെന്നും എന്താണ് പറയാനുള്ളതെന്നും ചോദിച്ച് പ്രകോപിപ്പിച്ചപ്പോഴായിരുന്നു പണം വാങ്ങിയുള്ള ഈ മാധ്യമ പ്രവര്‍ത്തനം നിങ്ങള്‍ എത്ര കാലം തുടരുമെന്ന് ഉമര്‍ ഖാലിദ് ചോദിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയെ പിടിച്ചുകുലുക്കിയ മുസ്‌ലിം വിരുദ്ധ വംശഹത്യാ അതിക്രമത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്.തന്റെ കേസിന്റെ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണയെ മാധ്യമങ്ങള്‍ തടസ്സപ്പെടുത്തുന്നതായി അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നു.