പാലക്കാട്: ഇടതുഭരണത്തില്‍ കേരളം ബാലപീഢകരുടെ പറുദീസയായി മാറിയെന്ന് വിമന്‍ ഇന്ത്യാ മുവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. വാളയാറില്‍ അതിക്രൂരമായ പീഢനത്തിനു ശേഷം കൊലചെയ്യപ്പെട്ട പിഞ്ചുമക്കളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വാളയാര്‍ അട്ടപ്പള്ളത്തെ കൂരയില്‍ ആ പിഞ്ചുമക്കളുടെ മാതാപിതാക്കള്‍ നീതിക്കു വേണ്ടി കേഴുകയാണ്. ലോക്ക് ഡൗണിന്റെ മറവില്‍ നീതിയെ മറവിക്കു വിട്ടുകൊടുത്ത് പ്രതികളും അവരെ പിന്താങ്ങിയവരും വിലസുകയാണ്. കേസിന്റെ തുടക്കം മുതല്‍ പ്രതികളെ പിടികൂടാന്‍ അലംഭാവം കാണിച്ച പോലിസ് പ്രതികളെ രക്ഷപ്പെടുത്താന്‍ മാത്രമല്ല ഇത്തരം ക്രൂരതകള്‍ക്ക് നിലമൊരുക്കുന്നവര്‍ക്ക് സാഹചര്യങ്ങള്‍ സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്. നാടിന്റെ നെഞ്ചകം പിളര്‍ത്തിയ വാളയാര്‍ പീഢനത്തിലെ പ്രതികള്‍ ഇന്ന് നാട്ടില്‍ വിലസുകയാണ്.
കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥാനക്കയറ്റം കാത്തിരിക്കുന്നു. ഡിവൈ എസ്പി സാജന്‍ ഐപിസിനു കാത്തിരിക്കുമ്പോള്‍ പിഞ്ചോമനകളുടെ മാതാപിതാക്കളടങ്ങുന്ന കുടുംബത്തിന് നേരെ വീണ്ടും ഭീഷണി ഉയരുകയാണ്. മരണാനന്തരമെങ്കിലും കുട്ടികള്‍ക്ക് നീതി കിട്ടണമെങ്കില്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ കിട്ടിയേ മതിയാവൂ. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമ നടപടികളെടുക്കാനും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനും കുടുംബത്തിന് സുരക്ഷിതത്വം ലഭ്യമാക്കാനും സര്‍ക്കാര്‍ തയ്യാറാവണം. പാലത്തായി, കുന്നുംപുറം പീഡനക്കേസുകളിലും സമാനമായ നീക്കങ്ങള്‍ തന്നെയാണ് നടക്കുന്നതെന്നും കെ കെ റൈഹാനത്ത് പറഞ്ഞു. വിമന്‍ ഇന്ത്യാ മുവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിയംഗം നിലാവര്‍ നിസയും സന്ദര്‍ശനത്തില്‍ സംബന്ധിച്ചു.
Under LDF rule, Kerala became a child molester's paradise
KK Raihanath