കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയ കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: മന്ത്രി ഇ പി ജയരാജന്‍

വിദേശ മലയാളികള്‍ ഏറ്റവും കൂടുതലുള്ള മേഖലയാണ് ഉത്തര മലബാര്‍

Update: 2020-05-05 17:59 GMT

മട്ടന്നൂര്‍: വിദേശ മലയാളികളെ കൊണ്ടുവരുന്നതിനുള്ള വിമാനത്താവളങ്ങളില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കണ്ണൂര്‍ വിമാനത്താവളത്തെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയ്യാറാവണം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ പ്രവാസികളെ എത്തിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇവിടങ്ങളില്‍ പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, കേന്ദ്രം ഒരു കാരണവും കാണിക്കാതെ കണ്ണൂരിനെ ഒഴിവാക്കി. കേന്ദ്രത്തിന്റെ ദ്രോഹനടപടി ഈ മേഖലയിലുള്ള പ്രവാസികള്‍ക്ക് വലിയ പ്രഹരമാവും.

    വിദേശ മലയാളികള്‍ ഏറ്റവും കൂടുതലുള്ള മേഖലയാണ് ഉത്തര മലബാര്‍. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ വിദേശത്തുനിന്ന് മടങ്ങിവരാന്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത 4.42 ലക്ഷം മലയാളികളില്‍ 69,179 പേര്‍ കണ്ണൂരില്‍ ഇറങ്ങാനാണ് താല്‍പ്പര്യപ്പെട്ടിട്ടുള്ളത്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരമാവധി യാത്ര കുറയ്ക്കുകയെന്നത് പ്രധാനമാണ്. കണ്ണൂരിനെ ഒഴിവാക്കിയത് ഈ മേഖലയിലുള്ളവര്‍ക്ക് റോഡ് മാര്‍ഗം കൂടുതല്‍ യാത്ര ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കും. രജിസ്റ്റര്‍ ചെയ്തവരില്‍ 1,69,130 പേരെ മുന്‍ഗണന കണക്കാക്കി ആദ്യം കൊണ്ടുവരാനുള്ള പട്ടിക കേരളം കേന്ദ്രത്തിനു നല്‍കിയിരുന്നു. എന്നാല്‍, 80000 മലയാളികളെ മാത്രം കൊണ്ടുവരാനാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. തികച്ചും നിരാശാജനകമായ നീക്കമാണിത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.


Tags:    

Similar News