യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്: മുഖ്യപ്രതികള്‍ പിടിയില്‍
എസ്എഫ്‌ഐ കോളജ് യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമുമാണ് പിടിയിലായത്.തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ പിടിയിലായത്.
തിരുവനന്തപുരം: കാന്റീനിലെ പാട്ടുമായി ബന്ധപ്പെട്ട് യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സംഭവത്തില്‍ മുഖ്യ പ്രതികള്‍ അറസ്റ്റില്‍. എസ്എഫ്‌ഐ കോളജ് യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമുമാണ് പിടിയിലായത്.തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ പിടിയിലായത്.
കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികള്‍ കൂടിയായ കുളത്തൂപ്പുഴ ഏഴംകുളം മാര്‍ത്താണ്ഡന്‍കര നിര്‍മാല്യത്തില്‍ അദൈ്വത് (19), കിളിമാനൂര്‍ പാപ്പാല ആദില്‍ മന്‍സിലില്‍ ആദില്‍ മുഹമ്മദ് (20), നെയ്യാറ്റിന്‍കര നിലമേല്‍ ദീപ്തി ഭവനില്‍ ആരോമല്‍ (18), നേമം ശിവന്‍കോവില്‍ ലെയ്ന്‍ എസ് എന്‍ നിവാസില്‍ ഇജാബ് (21) എന്നിവരെ ഞായറാഴ്ച പകല്‍ത്തന്നെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതില്‍ ആദ്യ മൂന്നുപേര്‍ നാലുമുതല്‍ ആറുവരെ പ്രതികളാണ്. സംഭവത്തില്‍ പങ്കുള്ള കണ്ടാലറിയാവുന്ന 30 പ്രതികളില്‍ ഒരാളാണ് ഇജാബ്. ഇജാബിനെ കഴിഞ്ഞദിവസം രാത്രി വീട്ടില്‍നിന്നാണ് പിടികൂടിയത്.
സംഘംചേര്‍ന്ന് ആക്രമിച്ചതില്‍ ഇയാളുമുണ്ടായിരുന്നെങ്കിലും കുത്തിയത് ആരെന്നു കണ്ടില്ലെന്നാണ് ഇജാസ് മൊഴിനല്‍കിയത്. മറ്റുള്ളവര്‍ മുന്‍കൂട്ടി അറിയിച്ച് കീഴടങ്ങുകയായിരുന്നു. എന്നാല്‍, തീവണ്ടിയില്‍ സംസ്ഥാനത്തിനു പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍നിന്നു പിടികൂടിയെന്നാണ് പോലിസിന്റെ വിശദീകരണം.
കാന്റിനീനില്‍ പാട്ടുപാടിയതിനെതുടര്‍ന്നു ഉടലെടുത്ത സംഘര്‍ഷം വെള്ളിയാഴ്ച കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കത്തിക്കുത്തിനെതുടര്‍ന്ന് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐക്കെതിരേ കനത്ത പ്രതിഷേധമുയര്‍ത്തിയതോടെ കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് പിരിച്ചു വിടുകയും കേസിള്‍ ഉള്‍പ്പെട്ടവരെ സംഘടനയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, രണ്ട് ദിവസത്തെ അവധിക്കു ശേഷം ഇന്നു കോളജ് തുറന്ന ശേഷം പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കോളജ് പ്രിന്‍സിപ്പള്‍ പറഞ്ഞു.