തിരുവനന്തപുരം: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നു അടച്ചിട്ട തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് ഇന്നു തുറക്കും. എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ് എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോളജില്‍ പ്രക്ഷോഭവും സമരങ്ങളും അരങ്ങേറിയത്. തുടര്‍ന്ന് പത്ത് ദിവസത്തോളം കോളജ് അടച്ചിടുകയായിരുന്നു. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭ രംഗത്തു തന്നെ തുടരുന്നതിനിടെയാണ് കോളജ് തുറക്കുന്നത്.
അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും അടക്കം എല്ലാവരെയും തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ കോളജില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. കോളജിന്റെ കവാടത്തിലും പുറത്തും കനത്ത പോലിസ് കാവലും ഏര്‍പെടുത്തിയിട്ടുണ്ട്.
കോളജിലെ പ്രശ്‌നങ്ങളിലും വധശ്രമക്കേസിലെ പ്രതി പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തിലും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തി വരുന്ന നിരാഹര സമരം ഇപ്പോഴും തുടരുകയാണ്. സംഭവത്തല്‍ പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍ ഇന്ന് ഗവര്‍ണ്ണറെ കണ്ടേക്കും.
അതേസമയം വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ പിടികിട്ടാത്ത പ്രതികള്‍ക്കായി പോലിസ് ഇന്നു ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. തിരിച്ചറിഞ്ഞിട്ടും ഇതുവരെ പിടികൂടാത്ത 10 പ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. ഇവരുടെ വീടുകളില്‍ പോലിസ് പരിശോധന നടത്തിയിരുന്നു.