ഉന്നാവോ ബലാല്‍സംഗ ഇരയുടെ വാഹനം അപകടത്തില്‍പെട്ട സംഭവം: ട്രക്കിന്റെ നമ്പര്‍ മായിച്ച നിലയില്‍ -പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

പെണ്‍കുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവ സമയം സുരക്ഷ ചുമതലയുള്ളവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Update: 2019-07-28 18:51 GMT

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാല്‍സംഗ കേസിലെ ഇരയുടെ വാഹനം അപകടപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇവരെ ഇടിച്ച ട്രക്കിന്റെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് മായിച്ച നിലയിലാണ്. അപകടം നടന്ന ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും പോലിസ് കേസെടുക്കാതിരുന്നതും വാര്‍ത്തയായിട്ടുണ്ട്.


സംഭവം വിവാദമായതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലഖ്‌നൗ എഡിജിപി പോലിസിന് നിര്‍ദേശം നല്‍കി. നമ്പര്‍ പ്ലേറ്റ് മായിച്ച സംഭവത്തില്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും പോലിസ് അറിയിച്ചു. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ നില അതീവ ഗുരുതമായി തുടരുകയാണെന്നും എഡിജിപി അറിയിച്ചു.

പെണ്‍കുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവ സമയം സുരക്ഷ ചുമതലയുള്ളവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉച്ചക്ക് ഒന്നിന് ലഖ്‌നൗവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ റായ്ബറേലി ഫത്തേപൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം. മറ്റൊരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് റായ്ബറേലി ജയിലില്‍ കഴിയുന്ന അമ്മാവനെ കണ്ട് മടങ്ങിവരികയായിരുന്നു കുടുംബം. അപകടത്തിനിടയാക്കിയ ട്രക്കിന്റെ െ്രെഡവര്‍ ആഷിഷ് പാല്‍, ട്രക്ക് ഉടമ ദേവേന്ദ്ര സിങ് എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആരോപിച്ചു. യുവതിയെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഫലമാണ് അപകടമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. പെണ്‍കുട്ടിക്കും വാഹനം ഓടിച്ചിരുന്ന അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. ഇതില്‍ തലയ്ക്ക് ക്ഷതമേറ്റ അഭിഭാഷകന്‍ മഹേന്ദ്രസിങ്ങിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. എല്‍എല്‍എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്.

Tags:    

Similar News