ഒരുലക്ഷം രൂപ വായ്പയ്ക്ക് പലിശയായി ചോദിച്ച 10 ലക്ഷം നല്‍കിയില്ല; യുപിയില്‍ ദലിത് യുവാവിനെ സവര്‍ണര്‍ വെടിവച്ച് കൊന്നു

Update: 2022-09-06 13:18 GMT

ലഖ്‌നോ: ഒരുലക്ഷം രൂപ കടം വാങ്ങിയ ദലിത് യുവാവിനോട് സവര്‍ണജാതിക്കാരന്‍ പലിശയായി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ. ഇത്രയും വലിയ തുക നല്‍കാത്തതിന്റെ പേരില്‍ ദലിത് യുവാവിനെ സവര്‍ണ ജാതിക്കാര്‍ ചേര്‍ന്ന് വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശ് മെയിന്‍പുരി ജില്ലയിലെ ബജേര ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 33 കാരനായ ദലിത് യുവാവ് മനോജ് കുമാറാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. തലയില്‍ ഒന്നിലധികം തവണ വെടിയേറ്റ നിലയില്‍ മനോജ്കുമാറിന്റെ മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഇടനിലക്കാരന്‍ മുഖേന മനോജ് കുമാര്‍ പ്രദേശ വാസിയായ സവര്‍ണ ജാതിയില്‍പ്പെട്ടയാളോട് ഒരുലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. അടുത്തിടെയാണ് ഇയാള്‍ വാങ്ങിയ തുകയ്‌ക്കൊപ്പം 10 ലക്ഷം രൂപ പലിശയും സഹിതം 11 ലക്ഷം രൂപ തിരികെ വേണമെന്ന് മനോജ് കുമാറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്രയും പണം മടക്കിനല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ മനോജ് കുമാറിന്റെ കൃഷിഭൂമി മുഴുവനും തന്റെ പേരില്‍ എഴുതിനല്‍കണമെന്നാവശ്യപ്പെട്ട് സവര്‍ണജാതിക്കാരന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയെന്ന് കുടുംബം പറയുന്നു. ഭൂമി മുഴുവന്‍ വിട്ടുനല്‍കാനാവില്ലെന്ന് മനോജ് കുമാര്‍ നിലപാടെടുത്തു. ഇതോടെ മനോജിനെ സവര്‍ണജാതിക്കാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ പൂജ പറഞ്ഞു.

സവണ സമുദായത്തില്‍പ്പെട്ടവര്‍ തങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഭര്‍ത്താവ് വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ഭര്‍ത്താവിനെയും വിളിച്ച് അവര്‍ പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞ് തിരിച്ചുവരുമെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ തുടങ്ങി. വെള്ളിയാഴ്ച രാവിലെ വധഭീഷണി മുഴക്കിയ നാലുപേര്‍ക്കെതിരേ പരാതി നല്‍കി. നടപടിയെടുക്കാന്‍ പോലിസ് കാലതാമസം വരുത്തി. വെള്ളിയാഴ്ച വൈകീട്ടോടെ തങ്ങളുടെ ഗ്രാമത്തിനടുത്തുള്ള ചോളത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തി- കുമാറിന്റെ ഭാര്യ പൂജയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

തലയ്ക്ക് വെടിയേറ്റ കുമാറിന്റെ മുഖം തിരിച്ചറിയാനാവാത്ത വിധം തകര്‍ന്നിരുന്നു. തന്റെ ഭര്‍ത്താവിന്റെ തലയില്‍ ഒന്നിലധികം തവണ വെടിയേറ്റു. മുഖം തകര്‍ന്നിരുന്നു. കടം കൊടുത്തയാളും മറ്റ് മൂന്ന് കൂട്ടാളികളും ചേര്‍ന്നാണ് കൊല നടത്തിയതെന്നും പൂജ ആരോപിച്ചു. ഗ്രാമത്തിലെ സവര്‍ണ ജാതിക്കാര്‍ തങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. തന്റെ മുഴുവന്‍ കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാണ്. തങ്ങള്‍ക്ക് ഗ്രാമം വിട്ടുപോവണം- കുമാറിന്റെ സഹോദരന്‍ സതീഷ് പറഞ്ഞു. 2015ല്‍ സമാനമായ രീതിയില്‍ സവര്‍ണ ഹിന്ദുക്കള്‍ മറ്റൊരു സഹോദരനെ കൊലപ്പെടുത്തിയതായും സതീഷ് പറഞ്ഞു.

മോനു താക്കൂര്‍ എന്ന ശിവേന്ദ്ര സിങ്, വിഷ്ണു താക്കൂര്‍, അതുല്‍ താക്കൂര്‍, സുദീപ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നാല് പേര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 384 (അബദ്ധം പിടിക്കല്‍), 364 (കൊലപാതകത്തിന് തട്ടിക്കൊണ്ടുപോവല്‍ അല്ലെങ്കില്‍ തട്ടിക്കൊണ്ടുപോവല്‍), എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ഭേദഗതിയിലെ സെക്ഷന്‍ 3(2)(വി) എന്നിവ പ്രകാരം ബെവാര്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബജേര ഗ്രാമത്തിലെ താമസക്കാരായ ഇവര്‍ നാലുപേരും ഒളിവിലാണ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ഉച്ചയോടെ കുമാറിന്റെ കുടുംബാംഗങ്ങള്‍ മൃതദേഹവുമായി ജിടി റോഡില്‍ പ്രതിഷേധിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്നാണ് സംസ്‌കാരം നടത്താന്‍ തയ്യാറായത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, കുമാറിന്റെ കുടുംബത്തിന് സവര്‍ണ ജാതിക്കാരായ ഹിന്ദുക്കളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News