വെള്ളം തുറന്നുവിടാന്‍ വിസമ്മതിച്ചു; യുപിയില്‍ ദലിത് കര്‍ഷകന്റെ തല കൈക്കോട്ട് കൊണ്ട് വെട്ടിമാറ്റി
സ്വന്തം കൃഷിയിടത്തിലേക്ക് വെളളം തുറന്നുവിടാന്‍ വിസമ്മതിച്ചതില്‍ ക്ഷുഭിതനായ മറ്റൊരു കര്‍ഷകനാണ് കൈക്കോട്ട് കൊണ്ട് ദലിത് കര്‍ഷകന്റെ തല വെട്ടിമാറ്റിയത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.
ലക്‌നൗ: കൃഷിയിടത്തിലേക്ക് വെളളം പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുപിയില്‍ ദലിത് കര്‍ഷകന്റെ തല വെട്ടിമാറ്റി. സ്വന്തം കൃഷിയിടത്തിലേക്ക് വെളളം തുറന്നുവിടാന്‍ വിസമ്മതിച്ചതില്‍ ക്ഷുഭിതനായ മറ്റൊരു കര്‍ഷകനാണ് കൈക്കോട്ട് കൊണ്ട് ദലിത് കര്‍ഷകന്റെ തല വെട്ടിമാറ്റിയത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശ് ബദൗന്‍ ദിന്‍ നഗര്‍ ഷെയ്ക്ക്പൂര്‍ ഗ്രാമത്തിലാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്. നാഥു ലാല്‍ ജാദവ് എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. മറ്റൊരു കര്‍ഷകനായ രൂപ് കിഷോറാണ് മര്‍ദ്ദിച്ചതിന് ശേഷം കൈക്കോട്ട് കൊണ്ട് തല വെട്ടിമാറ്റിയതെന്ന് പോലിസ് പറയുന്നു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. തന്റെ കൃഷിയിടത്തിലേക്ക് വെളളം തുറന്നുവിടണമെന്ന് രൂപ് കിഷോര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൃഷിക്ക്് കൂടുതല്‍ വെളളം ആവശ്യമുണ്ട് എന്ന് പറഞ്ഞ് നാഥു ലാല്‍ ജാദവ് ഈ ആവശ്യം നിരസിച്ചു. ഇതാണ് പ്രകോപനത്തിന് കാരണം. നാട്ടുകാരില്‍ ചിലര്‍ സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും കൈക്കോട്ട് ഉപയോഗിച്ച് നാഥു ലാല്‍ ജാദവിന്റെ തല വെട്ടിമാറ്റുന്നത് കണ്ട നാട്ടുകാര്‍ പേടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സമയം രാത്രി വൈകിയിട്ടും പിതാവിനെ കാണാത്തതിനെതുടര്‍ന്ന് മകന്‍ കൃഷിയിടത്തില്‍ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.രൂപ് കിഷോര്‍ മാത്രമല്ല എന്നും മറ്റു ചിലര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മകന്‍ ആരോപിച്ചു. മകന്‍ ഓംപാലിന്റെ പരാതിയില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.