യുപിയില്‍ തിരഞ്ഞെടുപ്പ്; എംപിമാരുമായി പ്രധാനമന്ത്രി പ്രാതല്‍ ചര്‍ച്ച നടത്തി
തിരഞ്ഞെടുപ്പ് നടക്കുന്ന യുപി നിയമസഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന നാല്‍പ്പതോളം എംപിമാരാണ് മോദിയുമായി ബ്രേക്ക്ഫാസ്റ്റ് ചര്‍ച്ചക്ക് എത്തിയത്
ന്യൂഡല്‍ഹി: യുപി തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനം ഭരണം നിലനിര്‍ത്താന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ബിജെപി. യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ ഉള്‍പ്പെടന്ന എംപിമാരുമായി പ്രധാനമന്ത്രി പ്രാതല്‍ ചര്‍ച്ച നടത്തി. ഉച്ചക്ക് ശേഷം ലഖ്‌നൗവില്‍ സംഘടിപ്പിച്ച ബിജെപി റാലിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു. തിരഞ്ഞെടുപ്പ് നടക്കുന്ന യുപി നിയമസഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന നാല്‍പ്പതോളം എംപിമാരാണ് മോദിയുമായി ബ്രേക്ക്ഫാസ്റ്റ് ചര്‍ച്ചക്ക് എത്തിയത്. പ്രധാനമന്ത്രി ഇത്തരത്തില്‍ നടത്തുന്ന നാലാമത്തെ കൂട്ടിക്കാഴ്ച്ചയാണിത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ദക്ഷിണേന്ത്യയിലെയും മധ്യപ്രദേശിലെയും എംപിമാരുമായി നേരത്തെ മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വാരാണസിയിലെ കാശി വിശ്വനാഥ ഇടനാഴി ഉദ്ഘാടനത്തിന് ദിവസങ്ങള്‍ക്കു ശേഷമാണ് മോദി യുപി എംപിമാരുമായി ചര്‍ച്ചക്കിരിക്കുന്നത്. വാരാണസി സന്ദര്‍ശനത്തിനിടെ 12 മുഖ്യമന്ത്രിമാരുമായും മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ പ്രാതല്‍ ചര്‍ച്ച തികച്ചും അനൗദ്യോഗികമാണെന്നാണ് കൂടിക്കാഴ്ച്ചക്കു പങ്കെടുത്ത എംപിമാര്‍ പറഞ്ഞത്. ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടതായി എംപിമാര്‍ പറഞ്ഞു. വിഐപി സംസ്‌കാരം മാറ്റി നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി എംപിമാര്‍ പറഞ്ഞു.