'ഒരു വോട്ട് എന്തു മാറ്റമുണ്ടാക്കാനാണെന്ന്'; യുപിയില്‍ ബിജെപിക്ക് നിര്‍ബന്ധിച്ച് വോട്ട് ചെയ്യാനുള്ള ശ്രമത്തെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍
ലഖ്‌നോ; യുപിയില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിനെതിരേ വ്യാപകപ്രതിഷേധം. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് പ്രതിഷേധവുമായി ആദ്യം രംഗത്തുവന്നത്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുളള വോട്ടെടുപ്പ് ഇന്നലെ തുടങ്ങിയശേഷമാണ് മറ്റൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്യാനുള്ള ശ്രമത്തെ ഉദ്യോഗസ്ഥന്‍ തടഞ്ഞത്. ബിജെപിക്ക് ചെയ്യണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ ആവശ്യം.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ജനങ്ങളും പാര്‍ട്ടി അംഗങ്ങളും ചെറുക്കണമെന്ന് അഖിലേഷ് അഭ്യര്‍ത്ഥിച്ചു.
ആഗ്രയിലെ ഫത്തേബാദിലാണ് ഭിന്നശേഷിക്കാരന്റെ വീട്ടിലെത്തിയ പോളിങ് ഉദ്യോഗസ്ഥന്‍ മറ്റൊരാള്‍ക്കു വോട്ട് ചെയ്യാന്‍ തുനിഞ്ഞ ഭിന്നശേഷിക്കാരനോട് ബിജെപിക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ചത്. ആഗ്രയില്‍ ഞായറാഴ്ചയാണ് ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വോട്ടെടുപ്പ് തുടങ്ങിയത്. വീടുകളിലെത്തി പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ടുകള്‍ ശേഖരിക്കുന്നത്.
നിര്‍ബന്ധിച്ച് വോട്ട് ചെയ്യാനുള്ള ശ്രമത്തിനെതിരേ ജനങ്ങള്‍ പ്രതിഷേധിച്ചതോടെ പോലിസും പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അത് മറ്റൊരു വിവാദത്തിനു കാരണമായി. സംഭവം ഒത്തുതീര്‍പ്പാക്കാനെത്തിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഒരു വോട്ടിന്റെ കാര്യമല്ലേ എന്തിനാണ് ബഹളമുണ്ടാക്കുന്നതെന്ന് ചോദിച്ച് പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചു. അതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഒരു വോട്ട് തിരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റമുണ്ടാക്കില്ലെന്ന് പറയുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായിട്ടുണ്ട്. അഖിലേഷ് യാദവും വീഡിയോ ട്വീറ്റ് ചെയ്തു.
बैलेट से वोट डलवाने में धांधली के मामले में एक प्रशासनिक अधिकारी का सरेआम ये कहना कि "एक वोट से कुछ होता है क्या" बेहद गंभीर मामला है।
— Akhilesh Yadav (@yadavakhilesh) February 7, 2022
चुनाव आयोग से अपेक्षा है कि ऐसे अधिकारियों को चिन्हित कर के तुरंत सस्पेंड किया जाए। pic.twitter.com/2Rd136ePiH
സംഭവം ഗുരുതരമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതുപോലെ ഒരു സംഭവമുണ്ടാകുമ്പോള്‍ പോളിങ് ഉദ്യോഗസ്ഥന്‍ ഒരു വോട്ടല്ലേയെന്ന് ചോദിച്ച് പ്രശ്‌നം ലഘൂകരിക്കുന്നത് ഗുരുതരമായ കാര്യമാണ്. അതുപോലുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി പുറത്താക്കണമെന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
ഏഴ് ഘട്ടങ്ങളായി നടക്കുന്ന പോളിങ് ഫെബ്രുവരി 10ന് ആരംഭിക്കും. മാര്‍ച്ച് 10ന് വോട്ടെണ്ണും.