യുപി: ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 19 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം
ലക്‌നോ: ഹാഥ്‌റസില്‍ ദലിത് യുവതിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതിയുടെ ഇടപെടലിനു ആഴ്ചകള്‍ക്കു ശേഷം അന്വേഷണ മേല്‍നോട്ടമുള്ള ജില്ലാ മജിസ്‌ട്രേറ്റിനെ യുപി സര്‍ക്കാര്‍ മാറ്റി. ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍ ഉള്‍പ്പെടെ 16 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യാഴാഴ്ച സ്ഥലംമാറ്റിയത്. ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ ദലിത് യുവതിയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍ ആയിരുന്നു. ഇദ്ദേഹത്തെ മിര്‍സാപൂരിലെ പുതിയ ജില്ലാ മജിസ്‌ട്രേറ്റായാണ് നിയമിച്ചിട്ടുള്ളത്. യുപി ജല്‍ നിഗം അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് രമേശ് രഞ്ജനാണ് ഹാഥ്‌റസിന്റെ ചുമതലയെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
സപ്തംബര്‍ 14നാണ് ഹാഥ്‌റസില്‍ ദലിത് യുവതിയെ നാല് സവര്‍ണ ജാതിയില്‍പെട്ടവര്‍ ബലാല്‍സംഗം ചെയ്തത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ 29ന് മരിച്ചു. 30 ന് അര്‍ധരാത്രി യുവതിയെ വീടിനു സമീപം സംസ്‌കരിച്ചു. അന്ത്യകര്‍മങ്ങള്‍ തിടുക്കത്തില്‍ നടത്താന്‍ ലോക്കല്‍ പോലിസ് നിര്‍ബന്ധിച്ചതായി നീട്ടുകാര്‍ ആരോപിച്ചിരുന്നു. അന്വേഷണത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ച് നവംബറില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലക്‌സ്‌കറിനെ കൂടാതെ ഗോണ്ട ജില്ലാ മജിസ്‌ട്രേറ്റ് നിതിന്‍ ബന്‍സലിനെ പ്രതാപ്ഗഡിലേക്കു സ്ഥലംമാറ്റിയിട്ടുണ്ട്. നോയിഡ അഡീഷണല്‍ സിഇഒ ശ്രുതിയെ ബല്‍റാംപൂരിലെ ജില്ലാ കലക്ടറാക്കി.
UP Government Transfers Hathras District Magistrate