മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരേ എന്‍എസ്എ വ്യാപകമായി ദുരുപയോഗം ചെയ്ത് യോഗി ഭരണകൂടം

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ (2018-2020) 120 കേസുകളിലാണ് യോഗിയുടെ പോലിസ് ഈ കാടന്‍ നിയമം പ്രയോഗിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും പശു കശാപ്പ് കേസുകളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായാണ് പ്രയോഗിച്ചിട്ടുള്ളതെന്ന് എന്‍എസ്എയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Update: 2021-04-07 16:19 GMT

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ മാത്രം ചുമത്താവുന്ന ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) യോഗി ആതിഥ്യനാഥ് ഭരണകൂടം മുസ്‌ലിംകളും ദലിതുകളും പ്രതികളാവുന്ന നിസാര കേസുകളില്‍ പോലും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി റിപോര്‍ട്ട്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ (2018-2020) 120 കേസുകളിലാണ് യോഗിയുടെ പോലിസ് ഈ കാടന്‍ നിയമം പ്രയോഗിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും പശു കശാപ്പ് കേസുകളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായാണ് പ്രയോഗിച്ചിട്ടുള്ളതെന്ന് എന്‍എസ്എയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍, മനസാക്ഷിക്ക് നിരക്കാത്തതും, കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതും, പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാന്‍ നിയമം ആവര്‍ത്തിച്ച് ഉപയോഗിച്ചതാണെന്നും ചൂണ്ടിക്കാട്ടി 120 കേസുകളില്‍ 94 കേസുകളും അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കുറ്റമോ വിചാരണയോ കൂടാതോ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ എന്‍എസ്എ എന്ന കാടന്‍ നിയമം ഭരണകൂടങ്ങള്‍ക്ക് അധികാരം നല്‍കുന്നുണ്ട്.

120 കേസുകളില്‍ എന്‍എസ്എ ചുമത്തിയപ്പോള്‍ ഇതില്‍ 41 കേസുകളും പശുകശാപ്പുമായി ബന്ധപ്പെട്ടായിരുന്നു. ഇതില്‍ പ്രതികളെല്ലാം ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണ്.

യോഗി ഭരണത്തിന്‍ കീഴില്‍ കൂടുതലും മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും എതിരായാണ് എന്‍എസ്എ ചുമത്തിയതെന്ന് ക്ലാരിയന്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഐപിഎസ് ഓഫിസര്‍ ദാരപുരി ചൂണ്ടിക്കാട്ടി.പൊതു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ ഇത് പ്രയോഗിച്ചിട്ടില്ല.

യോഗി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറിയ ശേഷം എന്‍എസ്എ വലിയ തോതില്‍ ദുരുപയോഗം ചെയ്യുന്നു. രണ്ട് കക്ഷികള്‍ തമ്മിലുള്ള വാക്കേറ്റം പോലുള്ള നിസ്സാര കേസുകളില്‍ പോലും ഈ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ചില കേസുകളുണ്ടെന്നും ദാരപുരി പറഞ്ഞു.

മുസ്‌ലിമും യുവാവും അമുസ്‌ലിം യുവാവും തമ്മില്‍ വാക്കേറ്റം നടന്നു, വാക്കേറ്റം സാമുദായികമല്ല. എന്നിട്ടും കേസില്‍ മുസ്‌ലിം പാര്‍ട്ടിക്കെതിരെ എന്‍എസ്എ ചുമത്തി. മുസ്‌ലിംകളുടെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലിസ് തയ്യാറായിട്ടില്ലെന്നും യുപി സര്‍ക്കാരില്‍ നിന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി വിരമിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദാരപുരി പറഞ്ഞു.

എന്‍എസ്എയുടെ ആശയം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെങ്കിലും ഇത് പൊതു കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. കുറ്റാരോപണവും വിചാരണയും കൂടാതെ പ്രതി വളരെക്കാലം ജയിലില്‍ കഴിയേണ്ടിവരുന്ന നിയമത്തിന്റെ ദുരുപയോഗമാണ് ഇത്. എന്‍എസ്എ, യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം), യുപി കോക്ക (ഉത്തര്‍പ്രദേശ് നിയന്ത്രിത സംഘടിത കുറ്റകൃത്യ നിയമം) എന്നിവ സര്‍ക്കാരുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതിനാല്‍ അവ ഒഴിവാക്കണമെന്നും ദാരപുരി അഭിപ്രായപ്പെടുന്നു.

എന്‍എസ്എ നടപ്പാക്കിയ 70 ശതമാനം പശു കശാപ്പ് കേസുകളും ഹൈക്കോടതി യുപി ഭരണകൂടത്തെ വിമര്‍ശിക്കുകയും കേസ് റദ്ദാക്കുകയും പരാതിക്കാരെ വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

Tags:    

Similar News