എക്‌സ്പ്രസ് ഹൈവേ: 500 വര്‍ഷം പഴക്കമുള്ള ഖബര്‍സ്ഥാനില്‍ യുപി സര്‍ക്കാരിന്റെ കൈയേറ്റം

Update: 2021-06-13 15:07 GMT

ന്യൂഡല്‍ഹി: ഗംഗാ എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിന്റെ പേരില്‍ 500 വര്‍ഷത്തോളം പഴക്കമുള്ള ഖബര്‍സ്ഥാന്‍ യുപി സര്‍ക്കാര്‍ അനധികൃതമായി കൈയേറുന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ഷാഫിയാബാദ് ലോതി ഗ്രാമത്തിലെ ഖബര്‍സ്ഥാന്റെ തെക്ക് ഭാഗം ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുകാരണം പ്രദേശവാസികളായ മുസ് ലിംകള്‍ ആശങ്കയിലാണ്. എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനായി ശ്മശാനത്തിന്റെ ഒരു ഭാഗം ഏറ്റെടുക്കുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ജനുവരി 17ന് ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണില്‍ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എന്‍ജിഎഐ) ഉദ്യോഗസ്ഥര്‍ മാസങ്ങള്‍ക്കുമുമ്പ് ശ്മശാനം സന്ദര്‍ശിക്കുകയും ഇതിന്റെ തെക്കന്‍ ഭാഗം(ഏകദേശം 65 മീറ്ററോളം) എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനായി 'നിയമവിരുദ്ധമായി' നീക്കിവയ്ക്കുകയുമായിരുന്നു. തങ്ങളുടെ പൂര്‍വികരെ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തിട്ടുണ്ടെന്നതിനാല്‍ ഇതിനെ എതിര്‍ക്കുന്നുവെന്നും ഞങ്ങളുടെ പൂര്‍വികരുടെ അസ്ഥികള്‍ ബുള്‍ഡോസസര്‍ കൊണ്ട് തകര്‍ക്കുന്നത് കാണുകയെന്നത് വേദനാജനകമാണെന്നും പ്രദേശവാസിയായ ലിയാഖത്ത് അലി പറഞ്ഞു.

    ഖബര്‍സ്ഥാന്‍ വഖ്ഫ് സ്വത്താണെന്നും മറ്റൊരു പ്രദേശവാസി നൗഷാദ് ചൗധരി കൂട്ടിച്ചേര്‍ത്തു. ഇത് യുപി സുന്നി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1995ലെ വഖ്ഫ് നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം ഏതെങ്കിലും വഖ്ഫ് സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നതിനാല്‍ ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാരിന്റെ ഏറ്റെടുക്കല്‍ തടയാന്‍ ലിയാഖത്ത് അലിയും ചൗധരിയും മറ്റ് ഗ്രാമീണരും കഴിഞ്ഞ കുറേ മാസങ്ങളായി കഷ്ടപ്പെടുകയാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തിക്കും നിരവധി പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കും ഇവര്‍ കത്തയച്ചിട്ടുണ്ട്. പ്രാദേശിക മജിസ്‌ട്രേറ്റ് കെ ബാലാജിയുമായി ഗ്രാമവാസികള്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. ശ്മശാനത്തിനു കേടുപാട് സംഭവിക്കില്ലെന്ന് അദ്ദേഹം വാക്കാലുള്ള ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

UP govt to 'illegally' acquire 500-year-old graveyard in Meerut village for expressway construction


Tags:    

Similar News