അലീഗഡ് ജാമിഅ് മസ്ജിദ് ശിവക്ഷേത്രമാണെന്ന് ഹരജി; കേസ് ഫെബ്രുവരി 25ന് പരിഗണിക്കും

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത 73 രക്തസാക്ഷികളുടെ ഖബറുകള്‍ ഇവിടെയുണ്ട്‌ .

Update: 2025-01-08 16:08 GMT

അലീഗഡ്: ഉത്തര്‍പ്രദേശിലെ അലീഗഡിലെ ചരിത്രപ്രസിദ്ധമായ ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് സിവില്‍ കോടതിയില്‍ കേസ്. അപ്പര്‍കോട്ട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ മസ്ജിദ് ശിവക്ഷേത്രം പൊളിച്ച് നിര്‍മിച്ചെന്ന് ആരോപിച്ച് പണ്ഡിറ്റ് കേശവ് ദേവ് ഗൗതം എന്നയാളാണ് സിവില്‍ കോടതിയില്‍ അന്യായം നല്‍കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ മറ്റു മസ്ജിദുകളെ പോലെ ഈ മസ്ജിദും ഹിന്ദുക്ഷേത്രം പൊളിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്ന് പണ്ഡിറ്റ് കേശവ് ദേവ് ഗൗതം ആരോപിക്കുന്നു. പുരാതനമായ ഒരു ഹിന്ദു കോട്ടയുണ്ടായിരുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ മസ്ജിദ് പൊളിച്ച് ശിവക്ഷേത്രം പണിയണമെന്നാണ് ആവശ്യം.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പണ്ഡിറ്റ് കേശവ് ദേവ് ഗൗതം അലീഗഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. ഒരു സ്‌കൂളിന് മുമ്പില്‍ മതപരമായ കാംപയിന്‍ നടത്തുകയായിരുന്ന ഇയാളെ 2023ല്‍ വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞ് ഓടിച്ചിരുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് ഷായുടെ കാലത്ത് ഗവര്‍ണറായിരുന്ന സാബിത്ത് ഖാനാണ് 1724ല്‍ മസ്ജിദിന്റെ നിര്‍മാണം തുടങ്ങിയതെന്ന് ചരിത്രരേഖകള്‍ പറയുന്നു. നാലുവര്‍ഷത്തിന് ശേഷം 1728ല്‍ പണി പൂര്‍ത്തിയായി. 17 മിനാരങ്ങളാണ് ഈ മസ്ജിദിനുള്ളത്. ഒരേസമയം 5,000 പേര്‍ക്ക് ഈ മസ്ജിദില്‍ നിസ്‌കരിക്കാം. സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ ത്രീ കാര്‍പെറ്റ്‌സ് എന്ന പേരില്‍ സൗകര്യവുമുണ്ട്.

രക്തസാക്ഷികളുടെ ഖബറുള്ള രാജ്യത്തെ ആദ്യ മസ്ജിദാണ് ഇത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത 73 രക്തസാക്ഷികളുടെ ഖബറുകളാണ് ഇവിടെയുള്ളത്. രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ എട്ടുതലമുറയ്ക്കു ശേഷവും ഇവിടെ പ്രാര്‍ത്ഥന നടത്തുന്നുണ്ട്. മിനാരങ്ങളെല്ലാം സ്വര്‍ണം പൂശിയിട്ടുള്ള ഈ മസ്ജിദിലെ വിവിധ വസ്തുക്കളിലായി 600-700 കിലോഗ്രാം സ്വര്‍ണമുണ്ടെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News