കിടക്കയില്‍ മൂത്രമൊഴിച്ചതിന് മകനെ തല്ലിക്കൊന്ന് മൃതദേഹവുമായി രക്ഷപ്പെട്ട പിതാവ് അറസ്റ്റില്‍
സംഭവം മാതാവും അമ്മാവനും പോലിസില്‍ അറിയിച്ചതിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനായ മകനെ പിതാവ് തല്ലിക്കൊന്നു. സംഭവം മാതാവും അമ്മാവനും പോലിസില്‍ അറിയിച്ചതിനു പിന്നാലെ പ്രതിയെ പോലിസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി കൂലിപ്പണിക്കാരനായ പ്രതി ഹാമിര്‍പൂരിലേക്ക് രക്ഷപ്പെട്ടിരുന്നു. ഹാമിര്‍പൂര്‍ പോലിസ് ഇയാളെ പിടികൂടി കാന്‍പൂര്‍ പോലിസിന് കൈമാറുകയായിരുന്നു.
പ്രതി സന്ദ്‌രാജ് ഇഷ്ടികച്ചൂളയിലെ തൊഴിലാളിയാണെന്ന് കാന്‍പൂര്‍ റൂറല്‍ എസ്പി ബ്രിജേഷ് കുമാര്‍ പറഞ്ഞു. കരയരുതെന്നും കുട്ടി കൊല്ലപ്പെട്ട വിവരം പുറത്തുപറയരുതെന്നും ഇയാള്‍ ഭാര്യയെയും മക്കളെയും ചട്ടംകെട്ടിയിരുന്നു. തുടര്‍ന്ന് പോലിസില്‍നിന്ന് രക്ഷപ്പെടാന്‍ കുട്ടിയുടെ മൃതദേഹവുമായി കുടുംബവുമൊത്ത് ഹാമിര്‍പൂര്‍ ജില്ലയിലെ ചാനി ഗ്രാമത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.
പിതാവിനൊപ്പമാണ് രവീന്ദ്ര ഉറങ്ങിയത്. കിടക്കയില്‍ മൂത്രമൊഴിച്ചത് ഇയാളെ പ്രകോപിതനാക്കി. ഇക്കാരണത്താല്‍ കുട്ടിയെ നിഷ്‌കരുണം തല്ലുകയായിരുന്നു. ഭാര്യയും മറ്റു കുട്ടികളും രവീന്ദ്രയെ തല്ലരുതെന്ന് കാലുപിടിച്ച് കരഞ്ഞിട്ടും കുട്ടി കൊല്ലപ്പെടുംവരെ മര്‍ദ്ദനം തുടരുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി ഇയാള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
രണ്ട് പെണ്‍കുട്ടികള്‍ ഉള്ള സന്ദ്‌രാജിന്റ ഏക ആണ്‍തരിയാണ് കൊല്ലപ്പെട്ട രവീന്ദ്ര. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പോലിസ് പറഞ്ഞു.