യുപിയില്‍ മുസ്‌ലിം യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു; പോലിസിനെതിരേ കൊലപാതകത്തിന് കേസ്
ചോദ്യം ചെയ്യലിനിടെ ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയില്‍ മുസ്‌ലിം യുവാവ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. 36കാരനായ സിയാവുദ്ധീന്‍ ആണ് കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയില്‍ മരിച്ചത്. ചോദ്യം ചെയ്യലിനിടെ ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം.
എന്നാല്‍, പോലിസ് വാദംതള്ളിയ ഇരയുടെ കുടുംബം സിയാവുദ്ധീന്‍ പോലിസ് കസ്റ്റഡിയിലുണ്ടായ പീഡനത്തിലാണ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ചു. സിയാവുദ്ധീന്റെ മരണം പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), 364 (കൊലപാതകത്തിന് തട്ടിക്കൊണ്ടുപോകല്‍) എന്നീ വകുപ്പുകള്‍ പ്രകാരം അംബേദ്കര്‍ നഗറിലെ അക്ബര്‍പൂര്‍ പോലിസ് സ്‌റ്റേഷനില്‍ സ്‌പെഷ്യല്‍ പോലിസ് ടീം ചുമതലയുള്ള ദേവേന്ദ്ര പാല്‍ സിങ്ങിനും ഇയാളുടെ സഹപ്രവര്‍ത്തകര്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ദേവേന്ദ്ര പാല്‍ സിംഗ്, സഹപ്രവര്‍ത്തകന്‍ ഹരികേഷ് യാദവ് എന്നിവരടക്കം ഏഴ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ അംബേദ്കര്‍ നഗര്‍ പോലീസ് സൂപ്രണ്ട് (എസ്പി) അലോക് പ്രിയദര്‍ശി ഉത്തരവിട്ടു. സിയാവുദ്ദീന്റെ മരണം സംബന്ധിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടു. മോഷണക്കേസില്‍ ചോദ്യം ചെയ്യുന്നതിനാണ് സിയാവുദ്ദീനെ പോലിസ് കസ്റ്റഡിയിലെടുത്തത്.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അംബേദ്കര്‍ നഗറിലെ ഒരു കൂട്ടം സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) സിയാവുദ്ദീനെ വാറന്റോ നിയമപരമായ അറിയിപ്പോ ഇല്ലാതെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഇരയുടെ മാതാപിതാക്കളും ഗ്രാമവാസികളും ആരോപിച്ചു.
ഭാര്യ ഫുസൈലയെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവാന്‍ പുറപ്പെട്ട സിയാവുദ്ധീനെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രിയും തിരിച്ചെത്താതിനെതുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് സിയാവുദ്ധീന്‍ കസ്റ്റിഡിയില്‍ മരിച്ചെന്ന് അറിയിച്ച് പോലിസ് ഗ്രാമമുഖ്യനെ ബന്ധപ്പെടുന്നത്.
മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റ് ഷൗക്കത്ത് അലിഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും പ്രതികളായ പോലീസ് സംഘത്തെ അറസ്റ്റ് ചെയ്യണമെന്നും സിയാവുദ്ദീന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.