യുപി തിരഞ്ഞെടുപ്പ്: മുസ്‌ലിം വോട്ട് ബാങ്കില്‍ കണ്ണുംനട്ട് ബിജെപിയിതര രാഷ്ട്രീയ പാര്‍ട്ടികള്‍
ജാതി സമവാക്യങ്ങള്‍ നിര്‍ണായകമായ സംസ്ഥാനത്ത് ഏറെ നിര്‍ണായകമായ മുസ്‌ലിം വോട്ട് ബാങ്കിലാണ് ബിജെപി ഇതര പാര്‍ട്ടികളുടെ കണ്ണ്.
ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി, എസ്പി ഉള്‍പ്പെടെയുള്ള ഭരണ - പ്രതിപക്ഷ കക്ഷികളുടെ പ്രചാരണം ശക്തമായി മുന്നോട്ട് പോവുകയാണ്. ജാതി സമവാക്യങ്ങള്‍ നിര്‍ണായകമായ സംസ്ഥാനത്ത് ഏറെ നിര്‍ണായകമായ മുസ്‌ലിം വോട്ട് ബാങ്കിലാണ് ബിജെപി ഇതര പാര്‍ട്ടികളുടെ കണ്ണ്. ഈ വോട്ടുകളുടെ വലിയൊരു ഭാഗം അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടി (എസ്പി)ക്കൊപ്പമാണെങ്കിലും ബിഎസ്പിക്കും കോണ്‍ഗ്രസിനും ചെറിയൊരു വിഹിതം ലഭിക്കാറുണ്ട്.
എന്നാല്‍, ഇക്കുറി അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും സംസ്ഥാനത്ത് അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ച സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യും തിരഞ്ഞെടുപ്പ് ഗോദയിലെത്തുമ്പോള്‍ പരമ്പരാഗത പാര്‍ട്ടികള്‍ക്ക് ചങ്കിടിപ്പ് ഏറുകയാണ്.
ഈ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ എസ്പിക്ക് കൂട്ടമായി വോട്ട് ചെയ്യുമെന്ന നിരീക്ഷണം ശക്തമാണെങ്കിലും അത്തരത്തിലൊരു നീക്കമുണ്ടാവില്ലെന്നാണ് താഴെതട്ടില്‍നിന്നുള്ള റിപോര്‍ട്ടുകള്‍.
സംസ്ഥാനത്ത് 143 സീറ്റുകളില്‍ മുസ്‌ലിം സമുദായം ഏറെ നിര്‍ണായകമാണ്. 2007ല്‍ ബിഎസ്പിക്ക് വോട്ട് ചെയ്ത സമുദായം 2012ല്‍ എസ്പിക്കൊപ്പമായിരുന്നു. എന്നാല്‍, 2017ല്‍ എസ്പിയും കോണ്‍ഗ്രസും ബിഎസ്പിയും മുസ്‌ലിം വിഭാഗത്തിന്റെ വോട്ടുകള്‍ വിഭജിച്ച് എടുക്കുകയായിരുന്നു.
സ്വതന്ത്ര വിശകലന വിദഗ്ധന്‍ രാഹുല്‍ വര്‍മ്മയുടെ അഭിപ്രായ പ്രകാരം യുപിയില്‍ മുസ്‌ലിം വോട്ടുകളില്‍ ഭൂരിപക്ഷവും സമാജ്‌വാദി പാര്‍ട്ടിക്കാണ് ലഭിച്ചുവരാറുള്ളത്. എന്നാല്‍, 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള സാധ്യത ഏറെയാണ്. അതായത്, പ്രധാന മത്സരം ബിജെപിയും എസ്.പിയും നയിക്കുന്ന സഖ്യങ്ങളും ബിഎസ്പിയുള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളുമായി ഒതുങ്ങും. 75% മുസ്‌ലിം വോട്ടുകള്‍ എസ്പിക്ക് ലഭിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. തന്റെ കാഴ്ചപ്പാടില്‍, എഐഎംഐഎം അല്ലെങ്കില്‍ പീസ് പാര്‍ട്ടിക്ക് മുസ് ലിംകള്‍ക്കിടയില്‍ നാമമാത്രമായ സാന്നിധ്യമുണ്ടാകും. എന്നാല്‍, എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി വ്യത്യസ്ഥനാണ്.
കാരണം അദ്ദേഹം വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയും മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള നേതാവുമാണ്. അധികാര പങ്കാളിത്തം മുസ്‌ലിം സമൂഹം ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്. എല്ലാ സമുദായങ്ങള്‍ക്കും അധികാരത്തില്‍ പങ്കാളിത്തമുണ്ടെങ്കിലും കഴിഞ്ഞ കാലയളവില്‍ മുസ് ലിംകള്‍ക്ക് അത് നിഷേധിക്കപ്പെട്ടു.
രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും തമ്മില്‍ വലിയ ഹിന്ദുവാകാനുള്ള മത്സരമാണ് നടക്കുന്നതെന്നും അതിനാല്‍ മതേതരവാദികള്‍ എവിടെയാണെന്നും എസ്പിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് ഉവൈസി പൊതുയോഗങ്ങളില്‍ ചോദിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമായാണ് മുസ്‌ലിംകളെ കണക്കാക്കുന്നത്. അവരുടെ ജനസംഖ്യ 20 ശതമാനത്തില്‍ കൂടുതല്‍ വരുമെന്നാണ് ഏകദേശ കണക്കുകള്‍.
2017ലെ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുകയും ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം ഉണ്ടാവുകയും ചെയ്തതോടെയാണ് ബിജെപി അധികാരത്തിലേറിയത്.
റാംപൂര്‍, ഫറൂഖാബാദ്, ബിജ്‌നോര്‍ തുടങ്ങിയ ജില്ലകള്‍ 40 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള പ്രദേശങ്ങളാണ്. സംസ്ഥാനത്തെ 143 സീറ്റുകളില്‍ ഏകദേശ കണക്ക് പ്രകാരം 20 മുതല്‍ 30 ശതമാനം വരെ മുസ്‌ലിംകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 73 സീറ്റുകളും മുസ്ലീം ജനസംഖ്യ 30 ശതമാനത്തിലധികം വരുന്ന 40 സീറ്റുകളും ഉണ്ട്.
വോട്ട് ഭിന്നിച്ചില്ലെങ്കില്‍ 30 സീറ്റുകളില്‍ മുസ്‌ലിംകള്‍ക്ക് ഒറ്റയ്ക്ക് ജയിക്കാമെന്നും 9 സീറ്റുകളില്‍ 55 ശതമാനം ന്യൂനപക്ഷ മുസ്ലീങ്ങളാണെന്നും വര്‍മ ചൂണ്ടിക്കാട്ടുന്നു.
20 ശതമാനത്തിലധികം മുസ്‌ലിം വോട്ടുകളുള്ള 28 ജില്ലകളുണ്ട്. ബാക്കിയുള്ള ജില്ലകളില്‍ 10 മുതല്‍ 15 ശതമാനം വരെയാണ് മുസ്‌ലിം ജനസംഖ്യ.
വലിയ ജനസംഖ്യ ഉണ്ടായിരുന്നിട്ടും 2017ല്‍ 23 മുസ്‌ലിംകളാണ് നിയമസഭയിലെത്തിയത്. 2002ല്‍ ഇത് 64 ആയിരുന്നു.