ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മല്‍സരിച്ചേക്കും. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അസംഗഢില്‍ അഖിലേഷ് മല്‍സരിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അഖിലേഷ് മല്‍സരിച്ചാല്‍ നിയമസഭയിലേക്കുള്ള അദ്ദേഹത്തിന്റെ കന്നി അങ്കമായിരിക്കും ഇത്. മുമ്പ് മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വത്തിലൂടെയാണ് അദ്ദേഹം അന്ന് നിയമസഭയിലെത്തിയത്. ഇക്കുറി മല്‍സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് താല്‍പര്യപ്പെടുന്നത് എന്നുമായിരുന്നു അഖിലേഷ് മുമ്പ് പറഞ്ഞിരുന്നത്.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അസംഗഢില്‍നിന്നുള്ള എംപിയാണ് നിലവില്‍ അഖിലേഷ്. ഏത് സീറ്റില്‍നിന്നാണ് അഖിലേഷ് ജനവിധി തേടുക എന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. അഖിലേഷ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഏതെങ്കിലും മണ്ഡലത്തില്‍നിന്നോ ലഖ്‌നോവില്‍നിന്നോ, അതുമല്ലെങ്കില്‍ ഒന്നിലേറെ സീറ്റുകളിലോ മല്‍സരിക്കുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് അഖിലേഷ് യാദവ് മാധ്യമങ്ങളെ കാണുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്റെ സീറ്റിനെക്കുറിച്ചും പാര്‍ട്ടി കാഴ്ചപ്പാടിനെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂടുതല്‍ വിശദീകരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ കളത്തിലിറങ്ങാന്‍ അഖിലേഷ് നിര്‍ബന്ധിതനാവുകയായിരുന്നു എന്നാണ് സൂചന.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ജനവിധി തേടാനൊരുങ്ങുന്ന യോഗി, കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സദറില്‍നിന്നാണ് മല്‍സരിക്കുന്നത്. ബിജെപിയില്‍നിന്ന് നിരവധി പിന്നാക്ക ജാതി നേതാക്കള്‍ അടുത്തിടെ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് മാറിയതിന് പിന്നാലെയാണ് അഖിലേഷ് യാദവ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 2012ല്‍ യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വന്‍ വിജയമുണ്ടായപ്പോള്‍, 38ാം വയസ്സില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അഖിലേഷ് അധികാരമേറ്റു. അന്ന് അദ്ദേഹം കനൗജില്‍നിന്നുള്ള ലോക്‌സഭാ എംപിയായിരുന്നു.