യുപി തിരഞ്ഞെടുപ്പ്: എന്‍സിപി കോണ്‍ഗ്രസ്സും ബിഎസ്പിയുമായി സഖ്യമുണ്ടാക്കണമെന്ന് സഞ്ജയ് റാവത്ത്
മുംബൈ: എന്‍സിപി യുപിയില്‍ കോണ്‍ഗ്രസ്സും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. യുപിയില്‍ എസ്പിയുമായി സഖ്യമുണ്ടാക്കിയെന്ന എന്‍സിപി മേധാവി ശരത് പവാറിന്റെ പ്രസ്താനവ പുറത്തുവന്ന് തൊട്ടുപിന്നാലെയാണ് ശിവസേനാ നേതാവിന്റെ പ്രതികരണം.
എസ്പിയും മറ്റ് ചെറിയ പാര്‍ട്ടുകളുമായി സഖ്യമുണ്ടാക്കിയാണ് എന്‍സിപി ഇത്തവണ യുപി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയെന്ന് എന്‍സിപി മേധാവി ഇന്ന് രാവിലെയാണ് മാധ്യമങ്ങളെ അറിയിച്ചത്. യുപിയിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. മാറ്റമുണ്ടാകുമെന്ന് ഞങ്ങള്‍ ഉറപ്പുപറയുന്നു- ശരത് പവാര്‍ പറഞ്ഞു.
കോണ്‍ഗ്രസ്സുമായി മാത്രമല്ല, മറ്റെല്ലാവരുമായും സഖ്യമുണ്ടാക്കണം. ഇതൊരു വലിയ യുദ്ധമാണ്. ജനങ്ങള്‍ സംസ്ഥാനത്ത് രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നു. ബിഎസ്പിയും മറ്റുള്ളവരുമായി കൈകോര്‍ക്കണം. മറ്റെല്ലാം മറന്ന് ഒന്നുചേരണം- റാവത്ത് പറഞ്ഞു.
ഇത്തവണ 50-100 സീറ്റുകളില്‍ ശിവസേന മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ ശിവസേനയ്ക്കും ഒരു പങ്കുണ്ട്. യുപിയില്‍ നാളെ ഞാന്‍ പര്യടനം നടത്തും. പടിഞ്ഞാറന്‍ യുപിയിലെ പ്രവര്‍ത്തകരെ കാണും. പാര്‍ട്ടി 50-100 സീറ്റുകളില്‍ മല്‍സരിക്കും- റാവത്ത് പറഞ്ഞു.
മന്ത്രിമാരും എംഎല്‍എമാരും ബിജെപി വിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി യുപി രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു.
403 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി ഫെബ്രുവരി പത്തിനാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 14, 20, 23, 27, മാര്‍ച്ച് 3, 7 എന്നീ ദിവസങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും.