വിമതര്‍ക്കൊപ്പം എംഎല്‍എമാര്‍ നില്‍ക്കുന്നത് ഇ ഡിയെ പേടിച്ച്; അവിശ്വാസപ്രമേയം വരുമ്പോള്‍ കാണാമെന്ന് സഞ്ജയ് റാവത്ത്
മുംബൈ: വിമത ക്യാമ്പിലെ എംഎല്‍എമാരെ ബന്ധപ്പെട്ടിരുന്നുവെന്നും അവിശ്വാസപ്രമേയം വരുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാമെന്നും വിമതരെ വെല്ലുവിളിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. പല എംഎല്‍എമാരും വിമതര്‍ക്കൊപ്പം ചേര്‍ന്നത് ഇ ഡിയെ പേടിച്ചാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി ഇപ്പോഴും ശക്തമാണെന്നും വിമതര്‍ ശരിയായ ഭക്തരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ബാലാസാഹേബ് താക്കറെയ്‌ക്കൊപ്പമുള്ള ഞങ്ങള്‍ ഉദ്ധവ് താക്കറെക്കൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ബാലാസാഹെബ് താക്കറെയെ പിന്തുണയ്ക്കുന്നു, അദ്ദേഹത്തെ പിന്തുടരുന്നു, ഇത്തരത്തിലുള്ള പ്രസ്താവന നിങ്ങള്‍ ബാലാസാഹെബിന്റെ യഥാര്‍ത്ഥ അനുയായിയാണെന്ന് തെളിയിക്കുന്നില്ല. അവര്‍ക്ക് ഇ ഡിയെ ഭയമുണ്ട്.'- അദ്ദേഹം പറഞ്ഞു.
ഞാന്‍ ഏതെങ്കിലും പക്ഷത്തെക്കുറിച്ചല്ല പറയുന്നത്, പാര്‍ട്ടിയെ കുറിച്ചാണ്. ഇപ്പോള്‍പ്പോലും ഞങ്ങളുടെ പാര്‍ട്ടി ശക്തമാണ്. ഏത് സാഹചര്യത്തിലാണ് എംഎല്‍എമാര്‍ സമ്മര്‍ദ്ദത്തിലായതെന്ന് ഉടന്‍ വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതര്‍ക്ക് കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു എംഎല്‍എയുടെ കുറവേയുളളൂവെന്നാണ് അവകാശപ്പെടുന്നത്. എംഎല്‍എമാര്‍ ഇപ്പോള്‍ ഗുവാഹത്തിയില്‍ അസം സര്‍ക്കാരിന്റെ പോലിസ് സംരക്ഷണയിലാണ്.