എട്ട് ആശുപത്രികളിലും പ്രവേശിപ്പിച്ചില്ല; യുപിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു

സര്‍ക്കാര്‍ ആശുപത്രികളടക്കം എട്ട് ആശുപത്രികളുടെ വാതിലുകള്‍ മുട്ടിയെങ്കിലും ചികില്‍സ നല്‍കിയില്ലെന്ന് നീലത്തിന്റെ ഭര്‍ത്താവ് വിജേന്ദര്‍ സിങ്(30) ആരോപിച്ചു

Update: 2020-06-06 14:17 GMT

ലക്‌നോ: ആശുപത്രിയില്‍ ചികില്‍സയ്ക്കായി 13 മണിക്കൂറോളം ആംബുലന്‍സില്‍ ഓടിക്കൊണ്ടിരുന്ന ഗര്‍ഭിണി മരണപ്പെട്ടു. എട്ടോളം ആശുപത്രികളിലെത്തിയെങ്കിലും സൗകര്യമില്ലെന്നു പറഞ്ഞ് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് ഗ്രേറ്റര്‍ നോയിഡയിലെ നീലം(30) മരണപ്പെട്ടത്. സര്‍ക്കാര്‍ ആശുപത്രികളടക്കം എട്ട് ആശുപത്രികളുടെ വാതിലുകള്‍ മുട്ടിയെങ്കിലും ചികില്‍സ നല്‍കിയില്ലെന്ന് നീലത്തിന്റെ ഭര്‍ത്താവ് വിജേന്ദര്‍ സിങ്(30) ആരോപിച്ചു. വെള്ളിയാഴ്ചയാണ് ദാരുണസംഭവം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. നോയിഡ-ഗാസിയാബാദ് അതിര്‍ത്തിയിലെ ഖോഡ കോളനിയില്‍ താമസിക്കുന്ന നീലം എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സ്വകാര്യ ആശുപത്രിയിലായിരുന്നു ചികില്‍സിച്ചിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച രാത്രി ശിവാലിക ആശുപത്രിയിലെത്തിയ യുവതിയെ പ്രവേശിപ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് പോവാന്‍ നിര്‍ബന്ധിതമായി.

    'ഞങ്ങള്‍ ആദ്യം ഇഎസ്‌ഐ ആശുപത്രിയില്‍ പോയി. അതിനുശേഷം ഞങ്ങള്‍ സെക്ടര്‍ 30(ചൈല്‍ഡ് പിജിഐ)യിലെ ഒരു ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് ഷാര്‍ദ ഹോസ്പിറ്റലിലേക്കും പിന്നീട് ഗ്രേറ്റര്‍ നോയിഡയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും(ജിംസ്) പോയി. ആരും അവളെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല'-ഭര്‍ത്താവ് വിജേന്ദര്‍ സിങ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയില്‍ ആരോപിച്ചു. സ്വകാര്യ ആശുപത്രിയായ ജയ്പി, ഗൗതം ബുദ്ധ നഗറിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, ഗാസിയാബാദ് വൈശാലിയിലെ മാക്‌സ് എന്നിവിടങ്ങളിലും പ്രവേശനം നേടാന്‍ ശ്രമിച്ചുവെങ്കിലും കിടക്കകളില്ലെന്നായിരുന്നു മറുപടി. ഒടുവില്‍ അവള്‍ ആംബുലന്‍സില്‍ വച്ച് മരിച്ചു. ഞങ്ങള്‍ ജിമ്മില്‍ എത്തി. അവിടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വളരെ വൈകിപ്പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് എല്‍ വൈ സുഹാസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുനീന്ദ്ര നാഥ് ഉപാധ്യായയും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ദീപക് ഒഹ്‌രിയും ഇക്കാര്യം അന്വേഷിക്കും. ഉടന്‍ തന്നെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യഥാസമയം ചികില്‍സ ലഭിക്കാത്തതിനാല്‍ ഗൗതം ബുദ്ധ നഗറില്‍ രണ്ടാഴ്ചയ്ക്കിടെ മരണപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.

    ഇക്കഴിഞ്ഞ മെയ് 25നു രാത്രി, ഗ്രേറ്റര്‍ നോയിഡയ്ക്കും നോയിഡയ്ക്കും ഇടയില്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് നവജാത ശിശു മരണപ്പെട്ടിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷിച്ച് രണ്ട് സ്വകാര്യ ആശുപത്രികളുടെ വീഴ്ചയാണെന്നു കണ്ടെത്തിയിരുന്നു.


Tags:    

Similar News