ദലിത് സഹോദരിമാരുടെ ബലാല്‍സംഗവും കൊലപാതകവും രാജ്യത്തിന് അപമാനം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2022-09-18 08:33 GMT

ന്യൂഡല്‍ഹി: യുപിയില്‍ ദലിത് സഹോദരിമാര്‍ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ട ശേഷം കൊലചെയ്ത സംഭവം രാജ്യത്തിന് തിരുത്താനാവാത്ത അപമാനമായി മാറിയെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ്‌ലാം. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് രാജ്യത്ത് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബലാല്‍സംഗവും കൊലപാതകവും നിയന്ത്രിക്കുന്നതില്‍ കേന്ദ്രത്തിലും ബിജെ പി നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലും നിലവിലെ സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ ദാരുണസംഭവം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാന നില എത്രത്തോളം തകര്‍ന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

കഴിഞ്ഞ ഏഴുവര്‍ഷമായി പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷം അവകാശപ്പെടുകയും രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന് സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഇതിനകം രൂപീകരിച്ച നിയമങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയുന്നില്ല എന്നത് ഖേദകരമാണ്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയുള്ള സ്ത്രീ സമൂഹത്തോട് സര്‍ക്കാരിന്റെ അവഗണനയും ഉദാസീനമായ മനോഭാവവുമാണ് ഇത് കാണിക്കുന്നത്.

ദലിത് സഹോദരിമാരുടെ കൊലപാതകം ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയിലുള്ള പ്രതീക്ഷയെ ഉലച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാര്‍ലമെന്റ് അംഗങ്ങളും ബലാല്‍സംഗികളുടെ മോചനത്തെ ആഘോഷിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന രാജ്യത്ത് കാര്യങ്ങള്‍ ഇങ്ങനെയായി മാറുമെന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. ദലിത് സഹോദരിമാരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയും അലംഭാവവും അവസാനിപ്പിക്കണമെന്നും യാസ്മിന്‍ ഇസ്‌ലാം ആവശ്യപ്പെട്ടു.

Tags:    

Similar News