യുപിയില്‍ വിദ്യാര്‍ഥിയെ തല്ലിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന്; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കേസ്

Update: 2023-08-28 09:53 GMT

ന്യൂഡല്‍ഹി: യുപിയില്‍ മുസ് ലിം വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെതിരേ പോലിസ് കേസെടുത്തു. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയെ സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയെന്ന് ആരോപിച്ചാണ് യുപി പോലിസ് കേസെടുത്തത്. അധ്യാപികയുടെ നിര്‍ദേശപ്രകാരം സഹപാഠികള്‍ മുസ് ലിം വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യം സുബൈര്‍ എക്‌സിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍, പ്രസ്തുത വീഡിയോ ആദ്യം പങ്കുവച്ചത് സുബൈര്‍ ആയിരുന്നില്ല.

    ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ അധ്യാപികക്കെതിരേ മുസഫര്‍നഗര്‍ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ മുഖം വ്യക്തമാവുന്നതിനാല്‍ ദൃശ്യം പങ്കുവയ്ക്കരുതെന്ന് ബാലാവകാശ സംഘടനയായ എന്‍സിപിസിആര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തേയും ഹിന്ദുത്വരുടെ വിദ്വേഷപ്രസംഗങ്ങളും അതിക്രമങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചതിന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കേസെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News