രാജ്യത്ത് ആദ്യം; പശുക്കള്‍ക്ക് പ്രത്യേക ആംബുലന്‍സ് സര്‍വീസുമായി യുപി
'112 എമര്‍ജന്‍സി സര്‍വീസ് നമ്പറിന് സമാനമായി, ഗുരുതരമായ അസുഖമുള്ള പശുക്കളുടെ വേഗത്തിലുള്ള ചികിത്സയ്ക്ക് പുതിയ സേവനം വഴിയൊരുക്കും'- ചൗധരി മഥുരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലഖ്‌നൗ: ഗുരുതരാവസ്ഥയിലുള്ള പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം ആരംഭിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നതായി സംസ്ഥാന ക്ഷീര വികസനം, മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു.
'112 എമര്‍ജന്‍സി സര്‍വീസ് നമ്പറിന് സമാനമായി, ഗുരുതരമായ അസുഖമുള്ള പശുക്കളുടെ വേഗത്തിലുള്ള ചികിത്സയ്ക്ക് പുതിയ സേവനം വഴിയൊരുക്കും'- ചൗധരി മഥുരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 515 ആംബുലന്‍സുകള്‍ പദ്ധതിക്കായി സജ്ജമാക്കിയിട്ടുണ്ട്. പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം എര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംഭവമായിരിക്കും ഇതെന്നും മന്ത്രി അവകാശപ്പെട്ടു. സേവനം ആവശ്യപ്പെട്ട് 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളുമുള്ള ആംബുലന്‍സ് എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുതര രോഗങ്ങള്‍ ബാധിച്ച പശുക്കള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡിസംബറില്‍ ആരംഭിക്കുന്ന പദ്ധതി പ്രകാരം പരാതികള്‍ സ്വീകരിക്കുന്നതിന് ലഖ്‌നൗവില്‍ ഒരു കോള്‍ സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉയര്‍ന്ന ഗുണമേന്മയുള്ള ബീജവും ഭ്രൂണ മാറ്റിവയ്ക്കല്‍ സാങ്കേതികവിദ്യയും സൗജന്യമായി നല്‍കുന്നതോടെ സംസ്ഥാനത്തിന്റെ ബ്രീഡ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന് ഉത്തേജനം ലഭിക്കുമെന്ന് ചൗധരി പറഞ്ഞു. അണുവിമുക്തമായ പശുക്കളെ പോലും ഉയര്‍ന്ന പാലുല്‍പ്പന്ന മൃഗങ്ങളാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഫലത്തില്‍ സംസ്ഥാനത്ത് ഒരു വിപ്ലവം തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഥുര ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ പൈലറ്റ് പ്രോജക്ടായി പദ്ധതി ആരംഭിക്കുമെന്ന് ചൗധരി പറഞ്ഞു.