കന്നുകാലി കശാപ്പ് കേസില്‍ പ്രതിയെന്നാരോപിച്ച് യുപിയില്‍ യുവാവിന് പോലിസിന്റെ ക്രൂര മര്‍ദ്ദനം
മകന്റെ മലാശയത്തിനുള്ളില്‍ വടി കുത്തിയിറക്കുകയും,ആവര്‍ത്തിച്ച് വൈദ്യുത ഷോക്ക് നല്‍കുകയും ചെയ്തതായി മാതാവ് പറഞ്ഞു
ബറേലി:കന്നുകാലി കശാപ്പ് കേസില്‍ പ്രതിയെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് യുപി പോലിസ്.യുവാവിന്റെ മാതാവിന്റെ പരാതിയുടെ അടിസ്ഥാത്തില്‍ അഞ്ച് പോലിസുകാര്‍ക്കെതിരേ കേസെടുത്തു.പ്രാഥമിക അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതായി എസ്പി പ്രവീണ്‍ സിങ് ചൗഹാന്‍ വ്യക്തമാക്കി.
ആലപൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കക്രല പ്രദേശവാസിയാണ് പോലിസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ഇയാള്‍ക്ക് ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെയില്ല.സംശയത്തിന്റെ പേരില്‍ മകനെ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവാവിന്റെ മാതാവ് പറഞ്ഞു.സബ് ഇന്‍സ്‌പെക്ടര്‍ സത്യപാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം തന്റെ മകന്റെ മലാശയത്തിനുള്ളില്‍ വടി കുത്തിയിറക്കുകയും,ആവര്‍ത്തിച്ച് വൈദ്യുത ഷോക്ക് നല്‍കുകയും ചെയ്തതായി മാതാവ് പറഞ്ഞു.സംഭവത്തില്‍ എസ്എസ്പി ഒ പി സിങ് അന്വേഷണത്തിന് ഉത്തരവിട്ടു.ഡാറ്റാഗഞ്ച് സിഒ പ്രേം കുമാര്‍ ഥാപ്പക്കാണ് അന്വേഷണ ചുമതല.മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.ഐപിസി സെക്ഷന്‍ 342 (തെറ്റായ തടവ്), 323 പ്രകാരം പ്രതികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ്പി പ്രവീണ്‍ സിങ് ചൗഹാന്‍ അറിയിച്ചു.
'പ്രാഥമിക അന്വേഷണത്തില്‍ പോലിസുകാര്‍ക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി,അന്യായമായ തടവിനും പീഡനത്തിനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ഈ കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തും. ഇരയ്ക്ക് ഏറ്റവും മികച്ച ചികില്‍സ ഉറപ്പാക്കും' എസ്പി പ്രവീണ്‍ സിങ് ചൗഹാന്‍ പറഞ്ഞു.
മേയ് രണ്ടിനാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്.പശുവിനെ കശാപ്പ് ചെയ്തതിന് ഒന്നിലധികം തവണ കേസെടുത്ത ഗുണ്ടാസംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാത്രി മുഴുവന്‍ പോലിസുകാര്‍ യുവാവിനെ പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും, കുറ്റക്കാരനല്ലെന്ന് മനസിലായതോടെ 100 രൂപ നല്‍കി രണ്ട് ദിവസത്തിന് ശേഷം ഇയാളെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്നും യുവാവിന്റെ സഹോദരി വ്യക്തമാക്കി. അന്നുമുതല്‍, അയാള്‍ക്ക് എല്ലാ ദിവസവും അപസ്മാരം പിടിപെട്ടിരുന്നതായും,നില വഷളായതോയെ വെള്ളിയാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നെന്ന് കുടുംബം വ്യക്തമാക്കി.