ഫലസ്തീന്‍ ഭുമി പിടിച്ചെടുക്കലും അധിനിവേശവും: ഇസ്രായേലിനെതിരേ കര്‍ക്കശ നിലപാടുമായി ബൈഡന്‍ ഭരണകൂടം
കുടിയേറ്റവും ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കലും ഭവനങ്ങള്‍ തകര്‍ക്കലും അവസാനിപ്പിക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
വാഷിങ്ടണ്‍: അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ നരനായാട്ടിന് മൗനാനുവാദം നല്‍കി കൂടെനിന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തില്‍നിന്ന് വ്യത്യസ്ഥമായി സയണിസ്റ്റ് രാജ്യത്തിനെതിരേ കര്‍ക്കശ നിലപാടുമായി ബൈഡന്‍ ഭരണകൂടം.
കുടിയേറ്റവും ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കലും ഭവനങ്ങള്‍ തകര്‍ക്കലും അവസാനിപ്പിക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അധിനിവേശ ജോര്‍ദാന്‍ താഴ്‌വരയിലെ ഫലസ്തീന്‍ ഗ്രാമമായ ഹംസയില്‍ ഇസ്രായേല്‍ അധികൃതര്‍ നിരവധി ഫലസ്തീന്‍ ഭവനങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് പേര് വെളിപ്പെടുത്താത്ത വക്താവിന്റെ പ്രതികരണമെത്തിയത്. എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും വക്താവ് ഫലസ്തീന്‍ ദിനപത്രത്തോട് പറഞ്ഞു.
സംഘര്‍ഷം വര്‍ധിപ്പിക്കുകയും ദ്വിരാഷ്ട്ര പരിഹാര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന ഏകപക്ഷീയമായ നടപടികള്‍ ഇസ്രായേലും ഫലസ്തീന്‍ അതോറിറ്റിയും കൈകൊള്ളില്ലെന്ന് തങ്ങള്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു. 'ഭൂമി പിടിച്ചെടുക്കല്‍, കുടിയേറ്റം, ഭവനങ്ങള്‍ തകര്‍ക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഇരു വിഭാഗവും ഏര്‍പ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രംപിന്റെ ഭരണകാലയളവില്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇസ്രായേല്‍ അധിനിവേശത്തെ ഒരിക്കലും വിമര്‍ശിച്ചിരുന്നില്ലെന്നു മാത്രമല്ല മൗനാനുവാദവും നല്‍കിയിരുന്നു.