യുഎസ് മാധ്യമപ്രവര്‍ത്തകനെ ഇസ്താംബൂളില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അങ്കാറ: റഷ്യന്‍ വംശജനായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്രെ വാല്‍റ്റ് ചെക്കിനെ ഇസ്താംബൂളില്‍ കാറില്‍ സംശയകരമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 57കാരനായ വാല്‍റ്റ് ചെക്ക് ഭാര്യ റോസി ഇന്ദിരയ്ക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു. വടക്കന്‍ പ്രവിശ്യയായ സാംസനില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോവുന്നതിനുമുമ്പ് അവര്‍ ഒമ്പത് ദിവസം താമസിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇസ്താംബൂളിലെ കരകൈ ജില്ലയിലെ ഹോട്ടലിലെത്തിയ ഭാര്യ ഇന്ദിര, വാല്‍റ്റ് ചെക്ക് ഉറങ്ങുകയാണെന്ന് കരുതി ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് ആംബുലന്‍സിനെ വിളിക്കുകയും പാരാമെഡിക്കല്‍ ജീവനക്കാര്‍ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്നാണ് പോലിസ് നിഗമനം.
സാംസനില്‍ നിന്ന് ഒമ്പത് മണിക്കൂര്‍ യാത്രയ്ക്കു ശേഷം പുലര്‍ച്ചെ 5.30 നാണ് ഇസ്താംബൂളിലെ കാരക്കോയ് ജില്ലയിലെ മെഴ്‌സിഡസ് മിനിവാനിലുള്ള തന്റെ ഹോട്ടലില്‍ എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ഉദ്ധരിച്ച് തുര്‍ക്കി പോലിസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച തുര്‍ക്കി പോലിസ് ഭാര്യയെയും രണ്ട് െ്രെഡവര്‍മാരെയും ചോദ്യം ചെയ്യുന്നുണ്ട്. റഷ്യയില്‍ ജനിച്ച് യുഎസ് പൗരനായി മാറിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ വാല്‍റ്റ് ചെക്ക്
ബോസ്‌നിയ മുതല്‍ കിഴക്കന്‍ തിമൂര്‍ വരെയുള്ള സംഘര്‍ഷ മേഖലകളില്‍ റിപോര്‍ട്ടറായി വളരെക്കാലം പ്രവര്‍ത്തിച്ചിരുന്നുു. ഡെര്‍ സ്പീഗല്‍, ദി ഗാര്‍ഡിയന്‍ എന്നിവയ്ക്കായി അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കുറച്ചുകാലമായി തുര്‍ക്കിയില്‍ താമസിക്കുകയായിരുന്നു. മോസ്‌കോയെയും ബീജിങിനെയും ശക്തമായി പിന്തുണയ്ക്കുന്ന ഇദ്ദേഹം സപ്തംബര്‍ 12 ന് തുര്‍ക്കിയിലെ ഐഡിന്‍ലിക്ക് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പടിഞ്ഞാറിന് പകരം ചൈനയിലേക്കും റഷ്യയിലേക്കും തിരിയാന്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടിരുന്നു. ഈയിടെ യുഎസില്‍ നടന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളെയും ചിലിയിലെ സര്‍ക്കാര്‍ വിരുദ്ധ മുന്നേറ്റങ്ങളെയും പിന്തുണച്ച് വാല്‍റ്റ് ചെക്ക് ശക്തമായി രംഗത്തെത്തിയിരുന്നു.
നിരവധി ഉന്നത വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഇസ്താംബൂളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2018 ഒക്ടോബറിലാണ് സൗദി കോണ്‍സുലേറ്റില്‍ വച്ച് വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റായ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടത്. ഇറാനിയന്‍ വിമതരായ ടിവി എക്‌സിക്യൂട്ടീവ് സഈദ് കരിമിയന്‍, ബ്ലോഗര്‍ മസൂദ് മൊലവി എന്നിവരും തുര്‍ക്കിയില്‍ കൊല്ലപ്പെട്ടിരുന്നു.
US journalist found dead in Istanbul under 'suspicious' circumstances