ഹിസ്ബുല്ലയുമായി ബന്ധം: രണ്ട് ലബ്‌നാന്‍ മുന്‍ മന്ത്രിമാര്‍ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി യുഎസ്
ഹിസ്ബുല്ലയുമായി ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളായ മുന്‍ പൊതുമരാമത്ത്- ഗതാഗത മന്ത്രി യൂസഫ് ഫെനിയാനോസ്, മുന്‍ ധനമന്ത്രി അലി ഹസ്സന്‍ ഖലീല്‍ എന്നിവര്‍ക്കെതിരേയാണ് യുഎസ് ഉപരോധമേര്‍പ്പെടുത്തിയത്.
വാഷിങ്ടണ്‍: ലെബനനിലെ ഇറാനിയന്‍ പിന്തുണയുള്ള ഹിസ്ബുല്ല പോരാളികളുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതിനും തടസ്സപ്പെടുത്തുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായി അഴിമതിയും ഹിസ്ബുല്ലയുമായുള്ള ബന്ധവും ആരോപിച്ച് രണ്ട് മുന്‍ ലബ്‌നാന്‍ മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് അനുമതി നല്‍കി.
ഹിസ്ബുല്ലയുമായി ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളായ മുന്‍ പൊതുമരാമത്ത്- ഗതാഗത മന്ത്രി യൂസഫ് ഫെനിയാനോസ്, മുന്‍ ധനമന്ത്രി അലി ഹസ്സന്‍ ഖലീല്‍ എന്നിവര്‍ക്കെതിരേയാണ് യുഎസ് ഉപരോധമേര്‍പ്പെടുത്തിയത്. ലബ്‌നാന്‍ പാര്‍ലമെന്റ് അംഗമായ ഖലീല്‍ ഷിയ അമല്‍ പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന ഭാരവാഹിയാണ്. മരോനൈറ്റ് ക്രിസ്ത്യന്‍ മറാഡ പ്രസ്ഥാനത്തിലെ അംഗമാണ് ഫെനിയാനോസ്.
ഇരുവരും ഹിസ്ബുല്ലയ്ക്ക് ഭൗതിക സഹായം ലഭ്യമാക്കുകയും അഴിമതിയില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാണ് യുഎസ് ട്രഷറി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയില്‍ പറയുന്നത്. രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് പകരമായി ഫെനിയാനോസ് പണം സ്വീകരിച്ചതായും മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു. തന്റെ രാഷ്ട്രീയ സഖ്യകക്ഷികളെ ശക്തിപ്പെടുത്തുന്നതിനായി ഫെനിയാനോസ് ഫണ്ട് വകമാറ്റി ചെലഴിച്ചെന്നും യുഎസ് ട്രഷറി ആരോപിക്കുന്നു.
രാഷ്ട്രീയ ജീവിതം മെച്ചപ്പെടുത്തുന്നതിന് യുഎസ് കരമ്പട്ടികയിലുള്ള ഹിസ്ബുല്ലയുമായി ഖലീല്‍ കരാറിലെത്തിയെന്നാണ് യുഎസ് ട്രഷറിയുടെ ആരോപണം. കരാറിന്റെ ഭാഗമായി യുഎസ് ഉപരോധം മനപ്പൂര്‍വ്വം മറികടക്കുന്ന തരത്തില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നിന്ന് ഹിസ്ബുള്ള നടത്തുന്ന സ്ഥാപനങ്ങളിലേക്ക് ഖലീല്‍ ഫണ്ട് നീക്കിയതായി യുഎസ് ട്രഷറി പ്രസ്താവനയില്‍ പറയുന്നു.
ഉപരോധത്തിന്റെ ഭാഗമായി ഇരുവരുടെയും യുഎസിലെ സ്വത്തുകള്‍ കണ്ടുകെട്ടുകയും ഇടപാടുകള്‍ തടയുകയും ചെയ്യും.മാത്രമല്ല, ഹിസ്ബുല്ലയുമായി ബന്ധമുള്ള കൂടുതല്‍ ലെബനന്‍ ഉദ്യോഗസ്ഥര്‍ക്ക് യുഎസ് ഉപരോധം നേരിടേണ്ടിവരുമെന്ന് മിഡില്‍ ഈസ്റ്റിലെ മുതിര്‍ന്ന യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി ഡേവിഡ് ഷെങ്കര്‍ പറഞ്ഞു.