ഇറാന്‍ ആഭ്യന്തര മന്ത്രിക്കെതിരേ അമേരിക്കന്‍ ഉപരോധം

Update: 2020-05-21 01:56 GMT

വാഷിങ്ടണ്‍: ഇറാനിലെ ആഭ്യന്തര മന്ത്രിക്കെതിരേ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്കയിലെ ട്രഷറി വകുപ്പാണ് ആഭ്യന്തര മന്ത്രി അബ്ദുല്‍റേസ റഹ്മാനി ഫാസിലിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് നടപടി.

''ഇറാനില്‍ നടന്ന മനുഷ്യാവശലംഘനങ്ങളില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഇറാന്‍ ആഭ്യന്തര മന്ത്രി, ഇറാനിലെ നിയമപാലന വകുപ്പിലെ 7 ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിലെ ഒരു കമാന്‍ഡര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കാന്‍ യുഎസ് ട്രഷറി ഡിപാര്‍ട്ട്‌മെന്റിലെ ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ വിഭാഗം തീരുമാനിച്ചു.

ഇറാനില്‍ പൗരന്മാരുടെ സമാധാപരമായ പ്രതിഷേധങ്ങളെ പോലും ഇറാന്‍ സര്‍ക്കാര്‍ ശാരീരികമായും മാനസികമായും കടത്ത നടപടികളിലൂടെ അടിച്ചമര്‍ത്തിയെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ടി മ്‌നുച്ചിന്‍ ആരോപിച്ചു. സ്വന്തം പൗരന്മാരെ അടിച്ചമര്‍ത്തുന്ന ഇറാനിലെ ഉദ്യോസ്ഥരുടെ നടപടികള്‍ അമേരിക്ക വിട്ടുകളയില്ലെന്നും അദ്ദേഹം പറഞ്ഞു.

2019 നവംബറില്‍ സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനെതിരേ കടുത്ത നടപടി കൈകൊണ്ടതില്‍ റഹ്മാനി ഫാസിലിന് പങ്കുണ്ടെന്നതിന് എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പാംപിയോ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    

Similar News