ഞങ്ങളെ തൊട്ടാല്‍ പശ്ചിമേഷ്യയില്‍ അമേരിക്ക ചാരമാവുമെന്ന് ഇറാന്‍; യുദ്ധം വിട്ട് ഉപരോധത്തിന് അമേരിക്ക
ഇറാനെതിരായ ഒരു വെടിയുണ്ട പായിച്ചാല്‍ പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കന്‍ കേന്ദ്രങ്ങളും ചാരമാവുമെന്ന് ഇറാന്‍ ശനിയാഴ്ച്ച മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ ഉപരോധ ഭീഷണി.
വാഷിങ്ടണ്‍: യുദ്ധഭീഷണിക്കു മുന്നില്‍ കുലുങ്ങാത്ത ഇറാനെതിരേ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. ഇറാനെതിരായ ഒരു വെടിയുണ്ട പായിച്ചാല്‍ പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കന്‍ കേന്ദ്രങ്ങളും ചാരമാവുമെന്ന് ഇറാന്‍ ശനിയാഴ്ച്ച മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ ഉപരോധ ഭീഷണി.
വ്യഴാഴ്ച്ച ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡുകള്‍ അമേരിക്കയുടെ നിരീക്ഷണ വിമാനം വെടിവച്ചിട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിട്ടുണ്ട്. അന്താരാഷ്ട്ര വ്യോമപരിധിയിലാണ് സംഭവമെന്ന് അമേരിക്ക അവകാശപ്പെടുമ്പോള്‍ തങ്ങളുടെ വ്യോമപരിധിയില്‍ പ്രവേശിച്ചതിനാലാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്ന് ഇറാന്‍ പറയുന്നു. അമേരിക്ക തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍, 150ഓളം പേര്‍ കൊല്ലപ്പെടുമെന്നതിനാലാണ് പിന്മാറിയതെന്നും തുടര്‍ന്ന് ട്രംപ് വീരവാദം മുഴക്കിയിരുന്നു.
ഇറാനെതിരേ കൂടുതല്‍ ഉപരോധത്തിന് അമേരിക്ക ഒരുങ്ങുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചില കാര്യങ്ങളില്‍ ഞങ്ങള്‍ പതുക്കെ നീങ്ങുമ്പോള്‍ ചിലതില്‍ ദ്രുതഗതിയില്‍ നീങ്ങും. സൈനിക നടപടി എപ്പോഴും മുന്നിലുണ്ട്. എന്നാല്‍, ഇറാനുമായി ഒരു ധാരണയിലെത്തുന്നതിന് തുറന്ന മനസ്സാണുള്ളത്. 30 പേരുമായി സഞ്ചരിച്ച അമേരിക്കന്‍ ചാരവിമാനം റെവല്യൂഷനറി ഗാര്‍ഡുകള്‍ വെടിവച്ചിടാത്തതില്‍ ഇറാനോട് നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരേ തിങ്കളാഴ്ച്ച കൂടുതല്‍ കടുത്ത ഉപരോധം പ്രഖ്യാപിക്കുമെന്ന് പിന്നീട് ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍, ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടുന്ന ദിവസമാണ് താന്‍ കാത്തിരിക്കുന്നതെന്നും അത് എത്ര പെട്ടെന്ന് സംഭവിക്കുന്നോ അത്രയും നല്ലതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ഇറാനുമായി ഒരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ സൂചനയാണിതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള ട്രംപിന്റെ ശ്രമമാണ് പ്രസ്താവന സൂചിപ്പിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടി മാരകമായിരിക്കുമെന്നു ഇറാനും വ്യക്തമാക്കിയിരുന്നു.
ഇറാനെതിരേ ഒരു വെടിയുതിര്‍ത്താല്‍ അത് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മേഖലയിലെ കേന്ദ്രങ്ങള്‍ മുഴുവന്‍ ചാരമാക്കും-ഇറാന്‍ സായുധസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബുല്‍ഫാസി ശെകാര്‍ച്ചി തസ്്‌നീം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഇറാനെതിരായ ആക്രമണം വെടിമരുന്ന് പുരയിലേക്ക് വെടിയിതിര്‍ക്കുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ ഡ്രോണ്‍ സഞ്ചരിച്ച വഴി വ്യക്തമാക്കുന്ന വിശദമായ മാപ്പ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പുറത്തുവിട്ടിട്ടുണ്ട്.