യുഎസ് സ്റ്റേറ്റ് സെക്രട്ടറി അടുത്താഴ്ച ഇന്ത്യ സന്ദര്‍ശിക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തും.
ന്യൂഡല്‍ഹി: അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തും.
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതിനെതുടര്‍ന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ബ്ലിങ്കന്റെ ആദ്യ സന്ദര്‍ശനമാണിത്. യുഎസ് സൈന്യം പിന്‍മാറിയതിനെതുടര്‍ന്ന് അഫ്ഗാന്‍ വീണ്ടും കലുഷിതമാവുന്നതിനിടെയാണ് ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനം.
നേരത്തേ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തന്റെ പ്രഥമ വിദേശ യാത്രയുടെ ഭാഗമായി ന്യൂഡല്‍ഹി സന്ദര്‍ശിച്ചെങ്കിലും രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെതുടര്‍ന്ന് ബ്ലിങ്കന്റെ യാത്ര നിര്‍ത്തിവയ്ക്കുകയായിരുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബുധനാഴ്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ബ്ലിങ്കന്റെ സന്ദര്‍ശനം ഉന്നതതല ഉഭയകക്ഷി സംഭാഷണം തുടരാനും ഇന്ത്യ-യുഎസ് പങ്കാളിത്തം ഊട്ടിയുറപ്പിക്കാനുമുള്ള അവസരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ശക്തവും ബഹുമുഖവുമായ ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുപക്ഷവും അവലോകനം നടത്തും.
കൊവിഡ് 19 പാന്‍ഡെമിക്, ഇന്തോപസഫിക് മേഖല, അഫ്ഗാനിസ്ഥാന്‍, യുഎന്നിലെ സഹകരണം ഉള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ജൂലൈ 26 മുതല്‍ 29 വരെ നീളുന്ന വിദേശ യാത്രയ്ക്കിടെ ബ്ലിങ്കന്‍ ന്യൂഡല്‍ഹിക്കു പുറമെ കുവൈത്തും സന്ദര്‍ശിക്കും.