നാണം കെട്ട തോല്‍വി; തെലങ്കാന പിസിസി പ്രസിഡന്റ് രാജിവച്ചു
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഉത്തംകുമാര്‍ റെഡ്ഡി രാജിവച്ചൊഴിഞ്ഞത്.
ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ നാണംകെട്ട തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്‍ ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഉത്തംകുമാര്‍ റെഡ്ഡി രാജിവച്ചൊഴിഞ്ഞത്.
താന്‍ പിസിസി അധ്യക്ഷ പദം ഒഴിയുകയാണെന്നും പുതിയ പ്രസിഡന്റിനെ ഉടന്‍ നിയമിക്കണമെന്നും ഉത്തംകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 150 ഡിവിഷനുകളിലേക്ക് നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 140 ഇടങ്ങളില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത്.
നാല്‍ഗോണ്ട മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ ഉത്തംകുമാര്‍ 2015ലാണ് തെലങ്കാന പിസിസി അധ്യക്ഷനാകുന്നത്. 2018ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയെ തുടര്‍ന്ന് പിസിസി അധ്യക്ഷപദം ഒഴിയാന്‍ സന്നദ്ധത അറിയിച്ചെങ്കിലും തുടരാന്‍ സോണിയ നിര്‍ദേശിച്ചു.
ആകെയുള്ള 150 സീറ്റുകളില്‍ 149 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ 55 ഇടത്ത് വിജയിച്ച ടിആര്‍എസാണ് മുന്നില്‍. 48 സീറ്റുകള്‍ കരസ്ഥമാക്കി ബിജെപി രണ്ടാമത്തെ വലിയ കക്ഷിയായി. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം 44 സീറ്റുകള്‍ കരസ്ഥമാക്കി. കോണ്‍ഗ്രസിന് രണ്ടിടങ്ങളില്‍ മാത്രമാണ് ജയിക്കാനായത്.