'ശാഹീന്‍ ബാഗില്‍ ബിരിയാണി വിതരണം'; യോഗിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഡല്‍ഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യോഗി ആദിത്യനാഥിന് നോട്ടിസ് നല്‍കിയത്.

Update: 2020-02-06 14:57 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ശാഹീന്‍ ബാഗില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നവര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഡല്‍ഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യോഗി ആദിത്യനാഥിന് നോട്ടിസ് നല്‍കിയത്.അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുന്നുവെന്നായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. വെളളിയാഴ്ച വൈകീട്ട് അഞ്ചിന്് മുന്‍പ് ആരോപണത്തിന് മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പ് കൂടാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

'അരവിന്ദ് കെജരിവാളിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്കു ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ പോലും കഴിഞ്ഞില്ല. ബിഐഎസ് നടത്തിയ സര്‍വേ പ്രകാരം ഡല്‍ഹിയിലെ ജനങ്ങള്‍ വിഷാംശം കലര്‍ന്ന വെള്ളമാണു കുടിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുന്നു.' എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം, തങ്ങള്‍ എല്ലാ 'ഭീകര'രെയും തിരിച്ചറിഞ്ഞ് ബിരിയാണിക്കുപകരം വെടിയുണ്ടകള്‍ നല്‍കുകയാണെന്നും യോഗി പറഞ്ഞിരുന്നു.

ഡല്‍ഹിയിലെ കരവാല്‍ നഗര്‍, ആദര്‍ശ് നഗര്‍, നരേല, രോഹിണി എന്നീ നാലിടങ്ങളില്‍ നടന്ന റാലികളില്‍ യോഗിയുടെ മിക്ക പ്രസംഗങ്ങളും ബിരിയാണി, വെടിയുണ്ടകള്‍, പാക്കിസ്താന്‍ എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു.

1947ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഭജനത്തിനു പിന്നില്‍ പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരുടെ പൂര്‍വികരാണ്. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുന്നതു പൗരത്വ നിയമം കാരണമല്ല. ഇന്ത്യ ആഗോള ശക്തിയായി മാറുന്നതു തടയാന്‍ ഈ ആളുകള്‍ ആഗ്രഹിക്കുന്നതിനാലാണ് അവ സംഭവിക്കുന്നത്. അവരുടെ പൂര്‍വ്വികര്‍ ഇന്ത്യയെ ഭിന്നിപ്പിച്ചു. അതിനാല്‍ നമ്മുടെ വളര്‍ന്നുവരുന്ന ശ്രേഷ്ഠ ഭാരതത്തെക്കുറിച്ച് അവര്‍ക്ക് വിഷമമുണ്ടെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം.

Tags:    

Similar News