മധ്യപ്രദേശിന് പിന്നാലെ 'ലൗ ജിഹാദി'നെതിരേ നിയമം കൊണ്ടുവരാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍
'ലൗ ജിഹാദ്'കേസുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. ഇത് സംബന്ധിച്ച ശുപാര്‍ശ ആഭ്യന്തര വകുപ്പ് നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്.
ലക്‌നോ: 'ലൗ ജിഹാദി'നെതിരേ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ്, ഹരിയാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സമാനനീക്കവുമായി ഉത്തര്‍ പ്രദേശിലെ യോഗി ആതിഥ്യനാഥ് സര്‍ക്കാര്‍. 'ലൗ ജിഹാദ്'കേസുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. ഇത് സംബന്ധിച്ച ശുപാര്‍ശ ആഭ്യന്തര വകുപ്പ് നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്. 'ലൗ ജിഹാദിനെതിരേ' ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന്റെ ചുവട് പിടിച്ച് 'ലൗ ജിഹാദും' മതപരമായ മതപരിവര്‍ത്തനവും തടയുന്നതിന് കര്‍ശനമായ നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
ഈ ആഴ്ച ആദ്യം 'ലൗ ജിഹാദി'നെതിരേ നിയമം നിര്‍മാണം നടത്തുമെന്ന് മധ്യപ്രദേശിലേയും ഹരിയാനയിലേയും ബിജെപി സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നു.
അടുത്ത നിയമസഭ സമ്മേളനത്തില്‍ 'ലൗ ജിഹാദി'നെതിരേ ബില്‍ അവതരിപ്പിക്കുമെന്നും പ്രതികള്‍ക്ക് കഠിനശിക്ഷ തന്നെ ഏര്‍പ്പെടുത്തുമെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര വ്യക്തമാക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് വിഭാഗത്തിലാണ് 'ലൗ ജിഹാദ'് കേസുകള്‍ ഉള്‍പ്പെടുത്തുക. മതം മാറ്റത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും ശിക്ഷയേര്‍പ്പെടുത്തും. ജിഹാദ് അല്ലാത്ത സാധാരണ മതപരിവര്‍ത്തനത്തിനും ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കും. മതംമാറ്റത്തിന് ഒരു മാസം മുമ്പ് ജില്ലാ കളക്ടറെ അറിയിക്കണം. 'ലൗ ജിഹാദ്' കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവായിരിക്കും ശിക്ഷ', മിശ്ര പറഞ്ഞു.
അതേസമയം, ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'ലവ് ജിഹാദ്' എന്ന പദം നിലവിലുള്ള നിയമപ്രകാരം നിര്‍വചിച്ചിട്ടില്ലെന്നും അത്തരം കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.