സര്‍ക്കാര്‍ സീല്‍ ചെയ്ത മദ്‌റസ കെട്ടിടം തുറന്നുകൊടുക്കാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി

Update: 2025-04-04 09:30 GMT
സര്‍ക്കാര്‍ സീല്‍ ചെയ്ത മദ്‌റസ കെട്ടിടം തുറന്നുകൊടുക്കാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി

നൈനിറ്റാള്‍: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് സര്‍ക്കാര്‍ സീല്‍ ചെയ്ത മദ്‌റസ കെട്ടിടം തുറന്നുകൊടുക്കാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെട്ടിടത്തില്‍ മദ്‌റസ പഠനം നടത്തില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് രവീന്ദ്ര മൈതാനിയുടെ ഇടക്കാല ഉത്തരവ്. ഡെറാഡൂണിലെ ഇനാമുല്‍ ഉലൂം മദ്‌റസ നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

സംസ്ഥാനസര്‍ക്കാരിലോ സര്‍ക്കാരിന് കീഴിലെ മദ്‌റസാ ബോര്‍ഡിലോ റജിസ്റ്റര്‍ ചെയ്തില്ലെന്ന് പറഞ്ഞ് 136 മദ്‌റസകളാണ് സര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നത്. ഇതിനെ ചോദ്യം ചെയ്താണ് ഇനാമുല്‍ ഉലൂം മദ്‌റസ ഹൈക്കോടതിയെ സമീപിച്ചത്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം സീല്‍ ചെയ്തതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാതെയാണ് മദ്‌റസ പ്രവര്‍ത്തിച്ചിരുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ എസ് എന്‍ ബാബുല്‍കര്‍ ആരോപിച്ചു. സര്‍ക്കാരിന്റെ വാദം വാദത്തിന് വേണ്ടി അംഗീകരിക്കുകയാണെങ്കില്‍ തന്നെ കെട്ടിടം സീല്‍ ചെയ്തത് ന്യായീകരിക്കാനാവില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയും മദ്‌റസക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയുമാണ് കെട്ടിടം സീല്‍ ചെയ്തതെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. തുടര്‍ന്നാണ് മദ്‌റസ കെട്ടിടം തുറന്നുകൊടുക്കാന്‍ ഇടക്കാല ഉത്തരവിറക്കിയത്. കേസില്‍ അന്തിമതീര്‍പ്പുണ്ടാവുന്നതു വരെ കെട്ടിടത്തില്‍ മദ്‌റസ പഠനം പാടില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി ജൂണ്‍ 11നാണ് പരിഗണിക്കുക.

Similar News