
ദമസ്‌കസ്: സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഉയ്ഗൂര്‍ നേതാവ് കൊല്ലപ്പെട്ടു. തുര്‍ക്കിസ്താന്‍ ഇസ്‌ലാമിക് പാര്‍ട്ടി എന്ന സംഘടനയുടെ നേതാവായ അബു ദജനാഹ് അല്‍ തുര്‍ക്കിസ്താനിയാണ് ഇദ്‌ലിബ് പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുക്കാന്‍ ചൈനയില്‍ നിന്നെത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
സിറിയന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദിനെ പുറത്താക്കാന്‍ ഹയാത് താഹിര്‍ അല്‍ ശാം(എച്ച്ടിഎസ്) സംഘടനയുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ അല്‍ഖ്വെയ്ദ അനുകൂല സംഘടനയായ ഹുറാസ് അല്‍ ദിന്‍ ഗ്രൂപ്പിന്റെ നേതാവായ മുഹമ്മദ് സലാഹ് അല്‍ സബീര്‍ എന്നയാളെയും യുഎസ് സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിറിയയുടെ പ്രസിഡന്റായി ചുമതലയേറ്റ എച്ച്ടിഎസ് മേധാവ് അബൂ മുഹമ്മദ് അല്‍ ജൂലാനി എന്ന അഹമ്മദ് അല്‍ ഷറ രാജ്യത്തെ എല്ലാ സായുധസംഘങ്ങളെയും പിരിച്ചുവിട്ടിരുന്നു. സായുധസംഘങ്ങളിലെ മുന്‍ അംഗങ്ങളെ സൈന്യത്തില്‍ ചേര്‍ക്കുകയാണ്.
അതേസമയം, വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിന്‍ നഗരത്തില്‍ നിന്ന് തുര്‍ക്കിയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ നാഷണല്‍ ആര്‍മി ഒഴിഞ്ഞുപോയതോടെ 70,000 കുര്‍ദ് വിഭാഗക്കാര്‍ തിരികെ വന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.