നന്ദിഗ്രാം ആവര്‍ത്തിക്കും; സമരത്തിന്‍റെ പുതിയ അധ്യായം തുടങ്ങി: വി ഡി സതീശന്‍

പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉദ്യോ​ഗസ്ഥര്‍ക്ക് പറ്റില്ല. അതിനെ പോലിസ് ഉദ്യോ​ഗസ്ഥരെക്കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റി.

Update: 2022-03-18 09:46 GMT

കോട്ടയം: സില്‍വര്‍ലൈന്‍ സമരത്തിന്‍റെ പുതിയ അധ്യായം തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ചെങ്ങന്നൂരില്‍ നാളെ സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്നും എല്ലാ സമരസ്ഥലത്തും യുഡിഎഫ് നേതാക്കള്‍ ഉണ്ടാകുമെന്നും വി ഡി സതീശന്‍ മാടപ്പള്ളിയില്‍ പറഞ്ഞു.

പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉദ്യോ​ഗസ്ഥര്‍ക്ക് പറ്റില്ല. അതിനെ പോലിസ് ഉദ്യോ​ഗസ്ഥരെക്കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റി. കേരളം മുഴുവന്‍ ഇതുപോലുള്ള സമരം ആവര്‍ത്തിക്കാന്‍ പോവുകയാണ്. ബം​ഗാളിലെ നന്ദി​ഗ്രാമില്‍ നടന്ന സമരത്തിന്‍റെ തനിയാവര്‍ത്തനമാണ് ഇതെന്ന് ഞങ്ങള്‍ സൂചിപ്പിച്ചതാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

സില്‍വര്‍ ലൈന്‍ സമരത്തിനെതിരായ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരേ ചങ്ങനാശേരിയില്‍ പ്രതിഷേധിച്ച സ്ത്രീകളേയും കുട്ടികളേയും റോ‍ഡിലൂടെ വലിച്ചിഴച്ച പോലിസ് നടപടിക്കെതിരേ ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം രംഗത്തെത്തി. മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യര്‍ത്ഥന പ്രതിപക്ഷം തള്ളി. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നതുവരെ യുഡിഎഫ്, സമരം ശക്തമായി തുടരുമെന്ന് വി ഡി സതീശന്‍ അറിയിച്ചു.

Similar News