ഞങ്ങള്‍ വിചാരിച്ചാല്‍ ക്രിമിനലുകളായ പോലിസുകാര്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങില്ല: വി ഡി സതീശന്‍

Update: 2023-12-16 08:59 GMT

വടകര: പോലിസിലെ അറിയപ്പെടുന്ന ക്രിമിനലുകളെയാണ് മുഖ്യമന്ത്രി കൊണ്ടുനടക്കുന്നതെന്നും അവരാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സഫാരിസ്യൂട്ടിട്ട പോലിസ് ക്രിമിനലും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പോലിസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് വിദ്യാര്‍ഥികളെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പോയ പോലിസുകാരും ആക്രമിച്ചത്. കഴിഞ്ഞ ദിവസം മംഗളം സീനിയര്‍ ഫോട്ടോഗ്രഫര്‍ എയ്ഞ്ചലിനെ കഴുത്തിന് കുത്തിപ്പിടിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി അനില്‍ എന്ന ഗണ്‍മാനാണ് ആക്രമിച്ചത്. മറ്റൊരു തിരുവനന്തപുരം സ്വദേശി സന്ദീപ്, പിന്നെ സ്യൂട്ടിട്ട ക്രിമിനല്‍. മുഖ്യമന്ത്രിയുടെ ഒപ്പം നടക്കുന്ന ക്രിമിനലുകളായ പോലിസുകാരുടെ മുഴുവന്‍ വിവരങ്ങളുടെ ഞങ്ങളുടെ കൈവശമുണ്ട്. എല്ലാ കാലത്തും മുഖ്യമന്ത്രിയുടെ കസേരയില്‍ ഈ മഹാരാജാവ് ഉണ്ടാവില്ലെന്ന് അവരെല്ലാം ഓര്‍ത്തിരുന്നാല്‍ നന്നായിരിക്കും. മുഖ്യമന്ത്രി പറഞ്ഞപോലെ ഇനി ഞങ്ങളും ജീവന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ക്രിമിനലുകളെ മുഖ്യമന്ത്രി പരസ്യമായി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഇന്നലെ എന്ത് അപകടമാണുണ്ടായത്. എസ്എഫ്‌ഐക്കാര്‍ ഗവര്‍ണറുടെ വാഹനം തടുത്ത് നിര്‍ത്തി കേടുപാടുണ്ടാക്കിയത് പോലെ മുഖ്യമന്ത്രിയുടെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ചെയ്‌തോ?. പോലിസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് ഈ ക്രിമിനലുകള്‍ ക്രൂരമായി ആക്രമിച്ചത്. ഇതിന് പിന്നാലെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം ജെ ജോബിന്റെ വീട് ആക്രമിച്ചു. സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെ തള്ളിമറിച്ചിട്ടു. സമനില തെറ്റിയ മുഖ്യമന്ത്രി ക്രിമിനലുകളെ അയയ്ക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വലിയ ശത്രുവായി കാണുന്നത് ഈ മുഖ്യമന്ത്രിയെയാണ്. ജനജീവിതം ദുരിതത്തിലാക്കി നാട്ടുകാരുടെ പണം ഉപയോഗിച്ച് നവകേരള സദസ് നടത്തി, രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ വെറുക്കുകയാണ്. കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട് ജനങ്ങളാല്‍ ആട്ടിയോടിക്കപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് പടിയിറങ്ങേണ്ടി വരും. അയാളുടെ അവസാനത്തിന്റെ ആരംഭമാണ്. എന്തൊരു ധിക്കാരമാണ്? എല്ലാവരെയും തല്ലിയൊതുക്കി, മിടുക്കനായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ആരാന്റെ മക്കളെ നടുറോഡില്‍ ചവിട്ടിക്കൂട്ടുമ്പോള്‍ അതുകണ്ട് ആഹ്ലാദിക്കുന്ന ക്രിമിനല്‍ മനസുള്ള സാഡിസ്റ്റാണ് മുഖ്യമന്ത്രി. ഞങ്ങള്‍ വിചാരിച്ചാല്‍ ക്രിമിനലുകളായ പോലിസുകാര്‍ വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങില്ല. അതിന് ശേഷിയുള്ള കോണ്‍ഗ്രസുകാര്‍ ഈ നാട്ടിലുണ്ട്. സംഘര്‍ഷഭരിതമാക്കേണ്ടെന്നു കരുതിയാണ് ഞങ്ങള്‍ സംയമനം പാലിച്ചത്. എന്നാല്‍ മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് മുഖ്യമന്ത്രിയുടെ ധിക്കാരവും ജനങ്ങളുടെ നെഞ്ചത്തു കൂടിയുള്ള തേരോട്ടവും നടത്തുന്നത്. മഹാരാജാവ് എഴുന്നള്ളുമ്പോള്‍ ഒരു പ്രതിഷേധവും പാടില്ല. ഇഎംഎസ് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുണ്ടായിട്ടുണ്ട്. സമാധാനപരമായി കരിങ്കൊടി കാട്ടിയാല്‍ മുഖ്യമന്ത്രിക്ക് എന്താണ് സംഭവിക്കുന്നത്?. അധികാരത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും തലയ്ക്കു പിടിച്ച് മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. എട്ടാമത്തെ തവണയാണ് പ്രതിപക്ഷ നേതാവിന്റെ സമനിലതെറ്റിയെന്ന് മുഖ്യമന്ത്രി പറയുന്നത്. നാട്ടുകാരുടെ ചെലവില്‍ സ്‌റ്റേജ് കെട്ടിയാണ് ഇത് പറയുന്നത്. ഞാന്‍ എവിടെ വേണമെങ്കിലും ചികില്‍സിക്കാം. പക്ഷേ, വീട്ടുകാര്‍ ആരും അടുത്തില്ലാത്തതിനാല്‍ മുഖ്യമന്ത്രിക്ക് മരുന്ന് എടുത്ത് കൊടുക്കാന്‍ ഒപ്പമുള്ള മന്ത്രിമാര്‍ മറക്കരുത്. മറന്നുപോവുന്ന മരുന്ന് എടുത്ത് കൊടുത്ത് മന്ത്രിമാര്‍ നാട്ടുകാരെ രക്ഷിക്കണം. ഏതോ മരുന്ന് കഴിക്കാന്‍ വിട്ടുപോവുന്നതുകൊണ്ടാണ് ഇങ്ങനെ തോന്ന്യവാസം പറയുന്നത്. ആരെ കണ്ടാലും സമനിലതെറ്റിയെന്ന് തോന്നുന്നത് എന്ത് അസുഖമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി ഡി സതീശന്‍ പറഞ്ഞു.




Tags:    

Similar News